സെല്‍മ എന്ന പേരില്‍ ഒരു അമേരിക്കന്‍ സൂപ്പര്‍ ഹിറ്റ് സിനിമയുണ്ട് . നിങ്ങളില്‍ പലരും അത് കണ്ടിട്ടുണ്ടാവും, അഥവാ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും, ഒരു വിധം അമേരിക്കക്കാരൊക്കെ അത് കണ്ടിട്ടുണ്ട് . സിനിമയുടെ കഥ ഇത്രയേയുള്ളൂ , മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ സെല്‍മ എന്ന സ്ഥലത്തു നിന്ന് ഏകദേശം 87 കിലോമീറ്റര്‍ ദൂരെയുള്ള മോണ്ടോഗോമേറി എന്ന സ്ഥലത്തേക്ക് 1965 ല്‍ നടന്ന കറുത്ത വര്‍ഗക്കാരുടെ ഒരു മാര്‍ച്ചും അതിനെതിരെയുള്ള വെള്ളക്കാരുടെ ആക്രമണവും. ഈ മാര്‍ച്ചിനെ പറ്റി ആദ്യമായി വന്ന സിനിമയല്ലിത് , അവസാനത്തേതുമല്ല. ഏകദേശം പത്തോളം സിനിമകള്‍ വന്നിട്ടുണ്ട് , നൂറു കണക്കിനു പുസ്തകങ്ങളും , എണ്ണമറ്റ ഡോക്യൂമെന്ററികളും. ഇന്നും വന്നു കൊണ്ടിരിക്കുന്നു.
സെല്‍മ മാര്‍ച്ചിന് സമാനമായനിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്, വൈക്കം സത്യാഗ്രഹം ഒരുദാഹരണം. പക്ഷെ വൈക്കം സത്യാഗ്രഹത്തെ പറ്റിയുള്ള എത്ര സിനിമ മലയാളി കണ്ടിട്ടുണ്ട് , അല്ലെങ്കില്‍ എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ?
2013 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ മെഗാ ഹിറ്റ് സിനിമയാണ് ട്വല്‍വ് ഇയര്‍സ് എ സ്ലേവ് , നിരവധി ഓസ്‌കാറുകളും വാരി കൂട്ടിയിട്ടുണ്ട് .അമേരിക്കയില്‍ ഒരു കാലത്തു നില നിന്നിരുന്ന അടിമത്വ സമ്പ്രദായത്തെ വിശദമായി അവതരിപ്പിക്കുന്ന അതെ പേരിലുള്ള പുസ്തകത്തിന്റെ സിനിമാവിസ്‌കാരം . ഈ പുസ്തകം വായിക്കാത്ത, അല്ലെങ്കില്‍ സിനിമ കാണാത്ത ഒരമേരിക്കക്കാരനെ കാണാന്‍ നിങ്ങള്‍ പ്രയാസപ്പെടും. അടിമത്വ സമ്പ്രദായം പ്രമേയമായിട്ടുള്ള ആദ്യത്തെ സിനിമയല്ലിത്. 1988 ല്‍ ഇറങ്ങിയ മിസിസിപ്പി ബര്‍ണിങ് എന്ന സിനിമ ലോകത്തു തന്നെ ഏറ്റവും ആളുകള്‍ കണ്ട സിനിമകളില്‍ ഒന്നാണ്. അടിമത്വത്തെ പറ്റി ഹോളിവുഡില്‍ നിര്‍മിക്കപ്പെട്ട നൂറുകണക്കിന് സിനിമകളില്‍ രണ്ടെണ്ണം മാത്രമാണിവിടെ പറഞ്ഞത് .
അടിമത്വത്തിനു സമാനമായി കേരളത്തില്‍ നില നിന്ന തൊട്ടു കൂടായ്മയെ പറ്റി മലയാളികള്‍ എത്ര സിനിമ കണ്ടിട്ടുണ്ട് , അല്ലെങ്കില്‍ എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ?
1963 ലാണ് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെടുന്നത്. കെന്നഡി വധത്തെ പറ്റിയും അതിനു പിന്നിലുള്ള ഗുഡാലോചനകളെ പറ്റിയും കൊല്ലാകൊല്ലം ഓരോ ഹോളിവുഡ് സിനിമയിറങ്ങും , നാട്ടുകാരൊക്കെ കാണുകയും ചെയ്യും. സമാനമായി ഇന്ത്യയില്‍ നടന്ന ഗാന്ധി വധത്തെ പറ്റിയും അതിനു പിറകില്‍ സവര്‍ക്കര്‍ അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനകളെപ്പറ്റിയും എത്ര സിനിമകള്‍ ഇന്ത്യക്കാര്‍ കണ്ടിട്ടുണ്ട് ?
“ചീത്ത കാലമാണിപ്പോള്‍, സാമൂഹിക വിപ്ലവം നടത്തേണ്ടത് ചീത്ത കാലത്തല്ല , അഥവാ എന്തെങ്കിലും പരിഷ്‌കരണം കൊണ്ട് വരുന്നെങ്കില്‍ തന്നെ അവധാനതയോടു കൂടെ വേണം കൊണ്ട് വരാന്‍”. സാമൂഹ്യ പുരോഗതി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന നല്ല ചില സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ അവര്‍ പങ്കു വെക്കുന്ന പ്രധാനമായ ആശങ്കകളാണിത്. കെ കേളപ്പന്റെയും എ കെ ജി യുടെയും ഗുരുവായൂര്‍ സത്യാഗ്രഹ കാലത്തെ മാതൃകകള്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് ” കെ കേളപ്പന്റെയും എ കെ ജി യുടെയും കാലമല്ലിത്, അന്ന് നല്ല മനുഷ്യരുടെ കാലമായിരുന്നു, ഇതൊരു കെട്ട കാലമാണ് “.
വൈക്കം സത്യാഗ്രഹത്തെ പറ്റി ഒരു ശരാശരി മലയാളിയുടെ അറിവ് ഇങ്ങനെയാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ വേണ്ടി കുറെ കോണ്‍ഗ്രസ്സുകാര്‍ ഒരു സത്യാഗ്രഹം നടത്തി, സവര്‍ണ്ണരുമായി ചെറിയ ചില ഉന്തും തല്ലുമൊക്കെ ഉണ്ടായി , അവസാനം ഏതായാലും എല്ലാവരെയും വഴി നടക്കാന്‍ സമ്മതിച്ചു ! – കഥ തീര്‍ന്നു.
പൊതു സമൂഹത്തില്‍ ഇതൊന്നും യാതൊരു പ്രതിഫലനവും ഉണ്ടാക്കിയില്ല , വര്‍ഗീയതയുണ്ടായില്ല , കലാപമുണ്ടായില്ല , കുപ്രചാരണങ്ങളുണ്ടായില്ല, എല്ലാവരും സന്തോഷത്തോടെ കമ്മിറ്റിയുടെ തീരുമാനം കയ്യടിച്ചു അംഗീകരിച്ചു പിരിഞ്ഞു പക്ഷെ സത്യമെന്താണ്. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹ കാലത്തു കേരളം സമൂഹം അടിമുടി ഉലയുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം ജാതി കലാപങ്ങള്‍, കൊള്ളകള്‍, കൊലകള്‍ – അക്രമികളുടെ അഴിഞ്ഞാട്ടമായിരുന്നു എവിടെയും .
സമൂഹത്തിലെ മഹാഭൂരിപക്ഷവും സത്യാഗ്രഹികള്‍ക്കെതിരായിരുന്നു, സവര്‍ണരും അവര്‍ണ്ണരും. സത്യാഗ്രഹികളെയോ അവരുടെ അനുയായികളെയോ എവിടെ കണ്ടാലും കൊടിയ മര്‍ദ്ദനമായിരുന്നു, അരാജക വാദികള്‍ അല്ലെങ്കില്‍ ആക്ടിവിസ്റ്റുകള്‍ എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.
ഇന്ന് നമ്മള്‍ പേടിക്കുന്നതിന്റെ പതിന്മടങ്ങു അന്നും ജനങ്ങള്‍ പേടിച്ചിരുന്നു. വിദൂര ഗ്രാമങ്ങളില്‍ പോലും ജാതി കലാപങ്ങള്‍ ഇതിനോടനുബന്ധിച്ചുണ്ടായിരുന്നു. തക്ഷന്‍ കുന്നു സ്വരൂപം എന്ന സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പുസ്തകത്തില്‍ യൂ കെ കുമാരന്‍ തന്റെ ഗ്രാമത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സമയത്തു നടന്ന ജാതീയ ആക്രമണങ്ങള്‍ വിവരിക്കുന്നുണ്ട്. ആചാര സംരക്ഷകരുടെയും സദാചാര ഗുണ്ടകളുടെയും വിളയാട്ടു ഭൂമിയായിരുന്നു കേരളം അക്കാലത്തു.
ഒരു തീപ്പൊരി വീണാല്‍ കേരളം കത്തും എന്ന് ഇന്ന് നമ്മള്‍ ആലങ്കാരികമായി പറയുന്നത് അന്ന് പ്രയോഗത്തില്‍ നടന്നതായിരുന്നു , കത്തിയെരിഞ്ഞ കുടിലുകളുടെയും കൊല്ലപ്പെട്ട പാവങ്ങളുടെയും കണക്കെടുത്തിരുന്നില്ല എന്ന് മാത്രം. ഇന്നത്തെ വാട്‌സ്ആപ് മെസ്സേജുകള്‍ക്ക് പകരം എഴുതിയതും കല്ലച്ചില്‍ അടിച്ചതുമായ നോട്ടീസുകള്‍ വിതരണം ചെയ്യുമായിരുന്നു, അജ്ഞാത നോട്ടീസുകള്‍ വ്യാപകമായപ്പോള്‍ നോട്ടീസുകളില്‍ പ്രിന്റിങ് പ്രെസുകളുടെ പേരു വെക്കണമെന്ന് നിയമമുണ്ടാക്കേണ്ടി വന്നു അക്കാലത്തു.
ജാതീയതയെ പറ്റി മാത്രമല്ല, വര്‍ഗീയതയെ പറ്റിയുള്ള നമ്മുടെ ഉത്കണ്ഠകളും വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ചരിത്രബോധത്തിന്റെ അഭാവം കൊണ്ട് നമുക്ക് പറ്റാറില്ല. മുതലാഖിന്റെയും ഏക സിവില്‍ കോഡിന്റെയും കാര്യം പറയുമ്പോള്‍ പ്രധാനമായി ഉന്നയിക്കപ്പെടുന്നതാണു സമൂഹത്തില്‍ “പണ്ടില്ലാത്ത വിധത്തില്‍” വര്‍ധിച്ചു വരുന്ന വര്‍ഗീയത. പണ്ട് നിലനിന്നിരുന്ന വര്‍ഗീയതയെ പറ്റി ജനസാമാന്യത്തിനു മനസ്സിലാവാന്‍ നമുക്ക് വല്ല പുസ്തകങ്ങളോ സിനിമകളോ ഉണ്ടോ ?. വീണ്ടും ഹോളിവുഡിന്റെ ഉദാഹരണങ്ങളിലേക്ക് പോയാല്‍ ചില സൂപ്പര്‍ ഹിറ്റ് ആയ ചില സിനിമകള്‍ – ബ്ലൈന്‍ഡ്സൈഡ് , ദി ഡിബേറ്റര്‍, ബെട്രെയ്ഡ് തുടങ്ങിയവ.
എന്താണ് ഏകോദര സഹോദരങ്ങളെ പോലെ ജീവിച്ചു എന്ന് പറയപ്പെടുന്ന നമ്മുടെ ചരിത്രം ? 1947 ലെ വിഭജനൊത്തനുബന്ധിച്ചു ഇന്ത്യ ഉപഭൂഖണ്ഡത്തിലെ കലാപങ്ങളില്‍ മരിച്ചവര്‍ 20 ലക്ഷത്തോളമാണ് , ഒന്നര കോടിയോളം ആളുകള്‍ നാട് വിടേണ്ടിയും വന്നു. അതിനു ശേഷം ഇടവിട്ടിവിട്ടുണ്ടായ കലാപങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവര്‍ ആയിരങ്ങളാണ്. അത് ഇന്ത്യയുടെ പൊതു ചരിത്രം . കേരളത്തിന്റെ ചരിത്രം എന്തായിരുന്നു? വലിയ രീതിയുള്ള കലാപങ്ങള്‍ നടന്നിട്ടില്ലെങ്കിലും പ്രാദേശിക സംഘട്ടനങ്ങളും ചെറു കലാപങ്ങളും നിരവധി ഉണ്ടായിട്ടുണ്ട് കേരളത്തില്‍. പയ്യോളി ( 1952 ) , നടുവട്ടം (1954 ), മണ്ണന്തല(1959 ), തലശ്ശേരി (1971 ) തുടങ്ങിവയെല്ലാം കേരളത്തില്‍ നടന്ന ചെറു കലാപങ്ങളാണ്.
ഭൂത കാലത്തിന്റെ നന്മകളെ പറ്റിയുള്ള തീവ്ര ഗൃഹാതുരത്വവും ഭാവിയെ പറ്റിയുള്ള തീവ്ര ഉത്കണ്ഠകളും ചരിത്ര ബോധമില്ലാത്ത സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ഭാവിയെ പറ്റി ഏറ്റവും പ്രതീക്ഷ പ്രകടിപ്പിച്ച കേരളീയ തലമുറ ഒരു പക്ഷെ അറുപതുകളിലും എഴുപതുകളിമയിരിക്കും ജീവിച്ചത്. കാരണം അക്കാലത്തെ ഏറ്റവും പോപ്പുലര്‍ കലാ രൂപങ്ങളായ നാടകങ്ങളും കഥാപ്രസംഗളും ഭൂത കാലത്തിന്റെ ഭീകരതകളും ഭാവിയെ പറ്റിയുള്ള പ്രതീക്ഷകളും കൊണ്ട് നിറഞ്ഞതായിരുന്നു.
സാംബശിവന്‍ ആയിരക്കണക്കിന് വേദികളില്‍ തൊട്ടുകൂടായ്മയുടെയും ജാതി വ്യവസ്ഥയുടെയും കൊടിയതകള്‍ ജനങ്ങളുമായി പങ്കു വച്ചു , കെ പി എ സി നാടകങ്ങളിലൂടെ തോപ്പില്‍ ഭാസിയും കെ ടീ മുഹമ്മദും അത് തന്നെ ചെയ്തു, സുലോചന പാടി നടന്നു. ഇന്നത്തെ നമ്മുടെ ജനകീയ കലാ രൂപങ്ങള്‍ മിമിക്രിയും സിനിമയുമാണ്. മിമിക്രി കലാകാരന്മാര്‍ അല്ലെങ്കില്‍ കോമേഡിയന്മാര്‍ ഒരു സാമൂഹ്യ ഉത്തരവാദിത്യവും നിര്‍വഹിക്കാന്‍ തയ്യാറില്ലാത്തവരാണ് കേരളത്തില്‍, അതെ സമയം പാശ്ചാത്യ ലോകത്തു ഏറ്റവും വലിയ സാമൂഹ്യ വിമര്‍ശകരാണ് കോമേഡിയന്മാര്‍. ഭൂതകാലത്തെ മഹത്വവത്കരിക്കുന്ന ബാഹുബലി പോലെയുള്ള സിനിമകളല്ലാതെ ഭൂത കാലത്തിന്റെ കണ്ണാടിയായി നില്‍ക്കുന്ന ഒരു സിനിമ പോലും ഉണ്ടായിട്ടില്ല അടുത്ത കാലത്തു.
യൂറോപ്പില്‍ മിക്ക ഗ്രാമങ്ങളിലും വില്ലജ് മ്യൂസിയങ്ങളുണ്ട്. താന്താങ്ങളുടെ ഗ്രാമങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഓരോ തലമുറയും പിന്നീട് വരുന്നവര്‍ക്കായി രേഖപ്പെടുത്തി വയ്ക്കും . ഇറ്റലിയില്‍ ചില വില്ലേജ് മ്യൂസിയങ്ങളില്‍ രണ്ടായിരം കൊല്ലം വരെയുള്ള ചരിത്രങ്ങളുണ്ട്. നമ്മള്‍ ഗ്രാമീണ വായനശാലകള്‍ വരെ നശിപ്പിക്കുന്ന തിരക്കിലാണ്. മിക്ക മലയാളികള്‍ക്കും സ്വന്തം മുത്തച്ഛന്‍ എങ്ങനെയാണു ജീവിച്ചത് എന്നത് പോയിട്ട് അവരുടെ പേര് പോലും അറിയില്ല. ചരിത്രം എന്നത് എഞ്ചിനീറിങ്ങിനും മെഡിസിനും കിട്ടാത്തവര്‍ക്ക് ബിരുദം സമ്പാദിക്കാനുള്ള ഒരു കോഴ്‌സ് മാത്രമാണ് നമുക്ക്.
ഇത്രയൊക്കെ പറഞ്ഞത് ഇതൊരു കെട്ട കാലമാണെന്നും കെട്ട കാലത്തു സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ കേരളം കത്തി ചാമ്പലാവും എന്നൊക്കെ പേടിക്കുന്ന നിഷ്‌കളങ്കരയായ പുരോഗമന വാദികളോടാണ്. ഭൂത കാലം നന്മയുടേതല്ല. അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രത്യേകിച്ചും സ്ത്രീവിരുദ്ധമായ ഒരു ഭൂതകാലം ആണ് നമ്മുടേത്. സിനിമകളില്‍ കണ്ടില്ല എന്ന് വച്ച് നമ്മള്‍ അതറിയാതെ പോകരുത്. അരാജക വാദികള്‍ എന്നും ആക്ടിവിസ്റ്റുകള്‍ എന്നും നമ്മള്‍ വിളിക്കുന്നവരുടെ കഴിഞ്ഞ തലമുറകളാണ് ഈ ലോകം ഇത്രയങ്കിലും നന്നാക്കിയത്.
അയിത്തോച്ചാടനത്തിന്റെയും ക്ഷേത്ര പ്രവേശനത്തിന്റെയും കാലത്തു നടന്ന അക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത് വെറും കോമഡി ഷോ ആണ്. പത്തു വര്‍ഷം കഴിയുമ്പോള്‍ ഈ കോമഡി താരങ്ങളെ ആരും ഓര്‍ക്കില്ല, നമ്മള്‍ ഇന്ന് പുച്ഛിക്കുന്ന ആക്ടിവിസ്റ്റുകളെ മാത്രമേ ചരിത്രം ഓര്‍ക്കൂ, അവരാണ് ചരിത്ര പുരുഷന്മാര്‍. മലയാള ഭാഷ ഉണ്ടായ കാലത്ത് ഏതെങ്കിലും സ്ത്രീ എന്നെങ്കിലും ചരിത്രം രചിക്കുമെന്നു ആരും കരുതിയിരുന്നില്ലാത്തതു കൊണ്ട് ചരിത്ര പുരുഷന്മാര്‍ എന്ന വാക്കേ മലയാളത്തിലുള്ളൂ , ചരിത്ര സ്ത്രീകളില്ല, സ്ത്രീകള്‍ ക്ഷമിക്കണം.