| Saturday, 17th March 2018, 12:25 pm

Doolnews Exclusive- 'ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ്' ;ഫാറൂഖ്‌ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച് അധ്യാപകന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത്

എ പി ഭവിത

കോഴിക്കോട്: ഫാറൂഖ്‌ ട്രെയിനിങ്‌ കോളജിലെ അധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത്. “ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍” എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെ ഫാറൂഖ്‌ ട്രെയിനിങ്‌ കോളേജിലെ അസിസ്റ്റന്റ് പ്രഫസറും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ മുനവര്‍ നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

“മുസ്‌ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു “എന്നാണ് അധ്യാപകന്റെ പരാമര്‍ശനം. ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പറയുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഇതാണ്.


Don”t Miss: ചാല ബൈപ്പാസിലെ വയലില്‍ മണ്ണിട്ട് നികത്തിയവരാണ് കീഴാറ്റൂരിലെ വയല്‍നികത്തലിനെതിരെ സംസാരിക്കുന്നത്: മാതൃഭൂമിയ്‌ക്കെതിരെ ആരോപണവുമായി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്


“എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ്‌ കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍. ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്.


Must Read:‘ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?’; സ്വയരക്ഷയ്ക്കായി സമരം ചെയ്ത് കണ്ണൂര്‍ ‘നിഫ്റ്റി’ലെ വിദ്യാര്‍ത്ഥിനികള്‍


സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എളേറ്റില്‍ വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്.”

അധ്യാപകന്റെ പരാമര്‍ശനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെയാണ് സ്ത്രീവിരുദ്ധമായ നിലപാടുണ്ടാവുന്നതെന്ന് വിദ്യാര്‍ത്ഥിനി വാട്സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശിച്ചു.


Must Read:  ‘പിന്നാലെ ഓടിച്ചിട്ട് അടിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ളത്.?’; കോളേജിനു പുറത്തുവെച്ചും വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥി


ജൗഹര്‍ മുനവര്‍

“പഴുത്തോ എന്നറിയാനായി ചൂഴ്ന്നെടുത്ത വത്തക്ക പോലെയാണ് പെണ്‍കുട്ടികള്‍ മാറു കാണിച്ചു നടക്കുന്നതെന്ന” ഒരധ്യാപകന്റെ ഓഡിയോ ക്ലിപ്പ് കേള്‍ക്കുകയുണ്ടായി. വുമണ്‍ ഇന്‍ കണ്ടമ്പററി സൊസൈറ്റി ആയിരുന്നു ഇന്ന് പരീക്ഷ. വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് വിശകലനം ചെയ്യാനായുള്ള ചോദ്യം തയ്യാറാക്കിയ അതേ ഫാറൂഖിന്റെ ഉള്ളില്‍ നിന്നു തന്നെ ആണ് “വത്തക്ക വാദവും” വന്നിട്ടുള്ളത്. ഒന്നുമല്ല , ഓരോ പരീക്ഷകളും മനുഷ്യനെ എങ്ങനെയൊക്കെ തോല്പിക്കുന്നു എന്നോര്‍ത്തു പോയതാണ്.

കൊണ്ടു പോയി എരിച്ചു കളയണം ഹേ ജൂഡിത് ബട്ലറെയും സിമോന്‍ ബുവയെയും ഒക്കെ…..” ഇതായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പ്രതികരണം.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more