കോഴിക്കോട്: ഫാറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് സംവിധായകന്‍ ജിയോ ബേബിയെ ഒഴിവാക്കിയതില്‍ രാജി. ഫാറൂഖ് കോളേജിലെ ഫിലിം ക്ലബ്ബ് കോഡിനേറ്ററായ അധ്യാപകന്‍ മന്‍സൂര്‍ അലിയാണ് ഫിലിം ക്ലബ്ബ് കോഡിനേറ്റര്‍ പദവിയില്‍ നിന്നും രാജിവെച്ചത്. ജിയോ ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
അതത് കാലത്ത് മലയാള സിനിമയില്‍ മികവ് പുലര്‍ത്തുന്ന സിനിമകള്‍ സംവിധാനം ചെയ്തവരെയാണ് സാധാരണയായി ഈ പരിപാടികളിലേക്ക് ക്ഷണിക്കാറുള്ളതെന്നും ഈ സമയത്ത് ജിയോ ബേബിയെ പരിപാടിക്ക് ക്ഷണിച്ചതും അതുകൊണ്ടാണെന്നും അധ്യാപകന്‍ രാജിക്കത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള ആളുകളെ ക്ഷണിക്കുന്നതിലേക്ക് കോളേജിന്റെ നിലവാരം ഉയര്‍ന്നിട്ടില്ലെന്ന് താന്‍ തിരിച്ചറിയുന്നു എന്നും അതുകൊണ്ട് ഈ പദവി ഒഴിയുകയാണെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
2017 ലായിരുന്നു അദ്ദേഹം ഫറൂഖ് കോളേജിന്റെ ഫിലിം ക്ലബ്ബ് കോഡിനേറ്റര്‍ പദവി ഏറ്റെടുത്തത്. ആ വര്‍ഷം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയയെ ആയിരുന്നു പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്.
ഫാറൂഖ് കോളേജ് മാനേജ്‌മെന്റില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് സംവിധായകന്‍ ജിയോ ബേബി തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിലേക്ക് തന്നെ ഉദ്ഘാടകനായി ക്ഷണിച്ച ശേഷം പരിപാടി റദ്ദ് ചെയ്യുകയായിരുന്നെന്ന് ജിയോ ബേബി പറഞ്ഞിരുന്നു.
കോഴിക്കോട് എത്തിയതിന് ശേഷമാണ് പരിപാടി കാന്‍സല്‍ ചെയ്തതായി താന്‍ അറിയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റര്‍ റിലീസ് ചെയ്ത പരിപാടി പെട്ടെന്ന് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് പ്രിന്‍സിപ്പലിനെ മെയില്‍ അയച്ചെങ്കിലും അവര്‍ മറുപടി നല്‍കിയില്ലെന്നും ജിയോ ബേബി പറഞ്ഞു.
ഇതിന് പിന്നാലെ ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് തനിക്ക് ഫോര്‍വേഡ് ചെയ്ത് ലഭിച്ചെന്നും അതില്‍ പറയുന്നത് തന്റെ പരാമര്‍ശങ്ങള്‍ കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കില്ലെന്നുമാണെന്നും ജിയോ ബേബി പറഞ്ഞു.
ഇത്തരമൊരു നടപടിയിലൂടെ താന്‍ അപമാനിതനായെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജിയോ ബേബി പറഞ്ഞിട്ടുണ്ട്.
എന്ത് തരം ആശയമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കുന്നത് എന്ന് കൂടി തനിക്ക് അറിയണമെന്നും. ഇത് തന്റെ പ്രതിഷേധമാണെന്നും ജിയോ ബേബി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
മാനേജ്‌മെന്റിന്റെ തീരുമാനങ്ങള്‍ ആണ് വിദ്യാര്‍ത്ഥി യൂണിയന്റെ പേരില്‍ കത്തായി പുറത്തുവന്നതെന്നും ജിയോ ബേബി പറഞ്ഞിരുന്നു.
അധ്യാപകന്റെ പ്രതികരണം
2017 ലാണ് ഞാന്‍ ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോഡിനേറ്റര്‍ ആവുന്നത്. ആ വര്‍ഷം ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തത് സകരിയ (സുഡാനി ഫ്രം നൈജീരിയ) ആയിരുന്നു. അതത് സമയങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ആളുകളെയാണ് നമ്മള്‍ ഉദ്ഘാടകരായി വിളിക്കാറുള്ളത്. പല നടന്‍മാരേയും സംവിധായകരേയും ഫിലിം ക്ലബ് കോളേജില്‍ കൊണ്ട് വന്നിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ നമ്മള്‍ സ്‌ക്രീന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയുടെ നൂറ്റിപ്പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ മികച്ച കോളേജ് ഫിലിം ക്ലബിനുള്ള ആദരം ഫറൂഖ് കോളേജ് ഫിലിം ക്ലബിന് ലഭിച്ചിരുന്നു..
ഈ പ്രാവശ്യം മലയാളസിനിമയില്‍ സൂക്ഷമ രാഷ്ട്രീയത്തിന്റെ/ ക്രാഫ്റ്റിലെ കയ്യടക്കം കൊണ്ട് പുതുമ സൃഷ്ടിച്ച ജിയോ ബേബിയെ കൊണ്ട് വരാനാണല്ലോ ശ്രമിച്ചത്. നമ്മള്‍ ഉദ്ദേശിക്കുന്ന സിനിമാ പ്രവര്‍ത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളര്‍ന്നിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. ഫിലിം ക്ലബ് കോഡിനേറ്റര്‍ എന്ന സ്ഥാനത്ത് ഇനിയും തുടരുന്നതില്‍ അര്‍ത്ഥമില്ല. തല്‍സ്ഥാനത്ത് നിന്ന് മാറുകയാണ്. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി…