കോഴിക്കോട്: ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകന്‍ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 28 വരെയാണ് അസിസ്റ്റന്റ് പ്രൊഫസറായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വിവാദ പരാമര്‍ശത്തെതുടര്‍ന്ന് അധ്യാപകനെതിരെ കോളേജിലും സോഷ്യല്‍മീഡിയയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ ഡൂള്‍ന്യൂസായിരുന്നു പുറത്തുവിട്ടത്. ഇതിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു. നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ പെണ്‍കുട്ടികളുടെ മാറിടത്തെ ചൂഴ്ന്നെടുത്ത വത്തക്കയോട് ഉപമിക്കുകയായിരുന്നു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ മാറ്തുറക്കല്‍ സമരംനടത്തി പ്രതിഷേധിച്ചും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഫാറൂഖ് കോളേജ് ചെയര്‍പേഴ്‌സണ്‍ മിന ഫര്‍സാന അധ്യാപകന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. “ഫാറൂഖ് കോളജിലെ പെണ്‍ കുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച ബഹുമാനപ്പെട്ട അധ്യാപഹയന്‍ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം.” എന്നായിരുന്നു മിന ഫര്‍സാന സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്.