രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റി പറഞ്ഞു, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിച്ചു; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ
Kerala News
രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റി പറഞ്ഞു, കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിച്ചു; ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd October 2021, 12:27 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ 2001-10. ലീഗില്‍ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് 23 പേജുള്ള നിര്‍ദേശങ്ങളാണ് കൂട്ടായ്മ പുറത്തിറക്കിയിരിക്കുന്നത്.

‘ലീഗ് അതിന്റെ അടിസ്ഥാന തത്വങ്ങളേയും ഭരണഘടനയേയും മറന്നുതുടങ്ങിയിരിക്കുന്നു. മുസ്‌ലിം ലീഗ് അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ നിര്‍ദേശത്തില്‍ പറയുന്നു.

ലീഗില്‍ എല്ലാ യോഗങ്ങളും തീരുമാനങ്ങളും ഉന്നതാധികാര സമിതിയിലേക്ക് ചുരുങ്ങുന്നതായി കൂട്ടായ്മ വിമര്‍ശിക്കുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റി പറഞ്ഞ് മുഖം മറയ്‌ക്കേണ്ട അവസ്ഥ ലീഗിനുണ്ടായെന്നും കൂട്ടായ്മ പറയുന്നു.

മുതിര്‍ന്ന നേതാക്കളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഉപജാപസംഘങ്ങള്‍ പാര്‍ട്ടിയുടെ വക്താക്കളാകുന്ന സ്ഥിതിയുണ്ടായി.

കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ച് ദല്‍ഹിയിലേക്ക് പോയത് ടേം പൂര്‍ത്തിയാക്കാതെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതും നേതൃദാരിദ്രമായി പൊതുസമൂഹം വിലയിരുത്തിയെന്നും കൂട്ടായ്മ വിമര്‍ശിക്കുന്നു.

മത്സരരംഗത്ത് നിന്ന് മാറി നിന്ന് സംഘടനതലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടവര്‍ പാര്‍ലമെന്ററി വ്യാമോഹത്താല്‍ വീണ്ടും മത്സരിച്ചു. ഭരണഘടനാവിരുദ്ധമായി ജംബോ കമ്മിറ്റികള്‍ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടായ്മ നിര്‍ദേശിച്ചു.

വനിതാ ലീഗ്, ഹരിത അടക്കമുള്ള പോഷകസംഘടനകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കണമെന്നും ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farook College MSF 2001-10 Muslim League