ഫാറൂഖ് കോളേജില്‍ ലിംഗവേചനമുണ്ടോ? കേരള സംസ്ഥാന യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം
Discourse
ഫാറൂഖ് കോളേജില്‍ ലിംഗവേചനമുണ്ടോ? കേരള സംസ്ഥാന യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th March 2016, 5:14 pm

കോളേജ് കാമ്പസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് 70 ശതമാനം പെണ്‍കുട്ടികള്‍ ഉള്ള കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് അല്ലാത്തപക്ഷം ഇരിക്കുവാനുള്ള ഇടം ലഭിക്കില്ലെന്ന അവരുടെ ആശങ്ക മൂലം അവര്‍ തന്നെ പ്രകടിപ്പിച്ച അഭിപ്രായ പ്രകാരമാണെന്നത് അവിശ്വസിനീയമായ പ്രസ്താവമായേ കാണാനാകു. മറിച്ച് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുള്ളത് കൂടി കണക്കിലെടുക്കുമ്പോള്‍ കോളേജ് അധികൃതരുടെ നടപടി ന്യായികരിക്കുവാന്‍ ഒരുപറ്റം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നുവെന്ന നിഗമനമാണ് കമ്മീഷന് ഉള്ളത്.


കേരളത്തില്‍ ഏറെ വിവാദമായ സംഭവമാണ് ഫാറൂഖ് കോളേജിലെ ലിംഗവിവേചന വിവാദം. പ്രതിഷേധങ്ങള്‍ ഏറെ ഉയര്‍ന്നിട്ടും കോളേജില്‍ ലിംഗവിവേചനം ഇല്ലെന്ന് ആവര്‍ത്തിച്ച് പറയാനാണ് കോളേജ് മാനേജ്‌മെന്റും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ശ്രമിച്ചത്. കോളേജിനെതിരെ കള്ളപ്രചരണമാണ് നടക്കുന്നതെന്ന് സ്ഥാപിക്കാനുള്ള പ്രചരണങ്ങളും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

കോളേജിലെ ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ച കോളേജ് വിദ്യാര്‍ത്ഥി ദിനുവിന്റെ സസ്‌പെന്‍ഷന്‍ ഇപ്പോഴും പിന്‍വലിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല. സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് കഴിഞ്ഞ നാലുമാസങ്ങളായി ദിനു ഫാറൂഖ് കോളേജില്‍ പഠനം തുടരുന്നത്.

ഫാറൂഖ് കോളേജിലെ ലംഗവിവേചന വിഷയം അന്വേഷിച്ച കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഫാറൂഖ് കോളേജ് സന്ദര്‍ശിച്ചതിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപമാണ് താഴെ. ഫാറൂഖ് കോളേജില്‍ നടക്കുന്നതെന്തെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.


അഡ്വ. ആര്‍.വി. രാജേഷ്, ചെയര്‍മാന്‍, കേരള സംസ്ഥാന യുവജന കമ്മീഷന്‍.

കേരള സംസ്ഥാന യുവജന കമ്മീഷന്‍, കോഴിക്കോട്

ഫാറൂഖ് കോളേജ് സന്ദര്‍ശിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആക്ട് 2014 പ്രകാരം നിലവില്‍ വന്ന അര്‍ധ ജൂഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. സംസ്ഥാനത്തെ യുവജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതും യുവജനങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങളുടെ സംരക്ഷണവും കമ്മീഷന്റെ പ്രധാനപ്പെട്ട ചുമതലകളാണ്.

1948 ല്‍ സ്ഥാപിതമായ ഫാറൂഖ് കോളേജ് കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നാണ്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രമുഖരായ വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഫാറൂഖ് കോളേജിന് കഴിഞ്ഞിട്ടുണ്ട്. മികച്ച കോളേജിനുള്ള നിരവധി അംഗീകാരങ്ങള്‍ ഈ കലാലയത്തിന് ലഭിച്ചിട്ടുണ്ട്. അക്കാഡമിക് രംഗത്തും കലാ-കായിക രംഗങ്ങളിലും ഈ കലാലയം ഉന്നത നിലവാരം പുലര്‍ത്തി വരുന്നുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ 20-10-2015 ന് ഏതാനും വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ ഒരേ ബഞ്ചിലിരുന്നതിന്റെ പേരില്‍ കുട്ടികളുടെ മേല്‍ അച്ചടക്കനടപടി സ്വീകരിച്ചു വരുന്നതായും ഇത് കോളേജില്‍ നിലനിന്നിരുന്ന ലിംഗവിവേചനവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നും ആരോപിക്കപ്പെട്ട് വന്ന മാധ്യമ വാര്‍ത്തകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതു സംബന്ധിച്ച് കോളേജ് അധി കൃതരില്‍ നിന്നു വിശദീകരണം ആവശ്യപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഈ സംഭവത്തിന്റെ തുടര്‍ച്ചയായി ഒരു വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നു സസ്‌പെന്റ് ചെയ്യുകയും പ്രസ്തുത വിദ്യാര്‍ത്ഥി ബഹു. കേരള ഹൈക്കോടതിയെ സമീപിച്ച് സസ്‌പെന്‍ഷന്‍ നടപടികളിന്‍മേല്‍ സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടതും 50 ശതമാനം കാഴ്ച്ച വൈകല്യമുള്ളതുമായ ജസീല ജന്നത്ത് എന്ന വിദ്യാര്‍ത്ഥിനി 04-12-2015 ന് കമ്മീഷന്‍ മുമ്പാകെ തന്റെ സുഹൃത്ത് മുഖേന എഴുതി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ കോളേജ് സന്ദര്‍ശിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും മൊഴിയെടുക്കണമെന്നും കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കുമാരി ജസീല ജന്നത്തിന്റെ പരാതി കോളേജ് പ്രിന്‍സിപ്പാളിന് അയച്ചു കൊടുത്ത് റിപ്പോര്‍ട്ട് ലഭ്യമാക്കി കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. കമ്മീഷന്‍ മുമ്പാകെ ലഭിച്ച പരാതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ഗൗരവതരമായതിനാലും പരാതിക്കാരി വിശിഷ്യാ കാഴ്ച്ചക്കുറവുള്ള യുവതിയെന്നതു കൂടി പരിഗണിച്ചും 20-10-2015 ല്‍ കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച് കോളേജ് സന്ദര്‍ശിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും കോളേജ് അധികൃതരില്‍ നിന്നും മറ്റു വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥിസംഘടനാപ്രതിനിധികള്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരില്‍ നിന്നും 16-12-2015 ന് കമ്മീഷന്‍ നേരിട്ട് തെളിവെടുക്കുവാന്‍    തീരുമാനിച്ച് കോളേജ് പ്രിന്‍സിപ്പാളിനും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയ്ക്കും നോട്ടീസ് നല്‍കുകയുണ്ടായി.

തെളിവെടുപ്പു സംബന്ധിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും, സംഘടനാ പ്രതിനിധികള്‍ക്കും അറിയിപ്പു നല്‍കുവാന്‍ കോളേജ്  പ്രിന്‍സിപ്പാളിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. കമ്മീഷന്‍ തെളിവെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിലും വാര്‍ത്ത നല്‍കിയിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

16-12-2015 ന് രാവിലെ 11.30 മണിയ്ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ,് അംഗങ്ങളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ശ്രീ. കെ. ശിവരാമന്‍, ശ്രീ. എ.എം. രമേശന്‍, ശ്രീ. രാമചന്ദ്രന്‍ കുയ്യാണ്ടി, കമ്മീഷന്‍ സെക്രട്ടറി ശ്രീ. ഡി. ഷാജി എന്നിവര്‍ ഫാറൂഖ് കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. ജസീലയുടെ പരാതിയില്‍ പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളാണ് പരാമര്‍ശിച്ചിരുന്നത്.

♦ 20-10-2015 ന് മലയാളം കോമണ്‍ ക്ലാസില്‍ സഹപാഠികളായ ആണ്‍കുട്ടികളോടൊപ്പം ഒരേ ബഞ്ചിലിരുന്നപ്പോള്‍ അധ്യാപകന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറിയിരിക്കുവാന്‍ ആവശ്യപ്പെട്ടു.

♦ വിയോജിപ്പ് പ്രകടിപ്പിച്ചവരോട് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മലയാളം വിഭാഗം മേധാവിയെ കണ്ടതിനു ശേഷം മാത്രം ഇനി മലയാളം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

♦ സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പത് വിദ്യാര്‍ത്ഥികള്‍ മലയാളം വിഭാഗം മേധാവിയ്ക്കും പ്രിന്‍സിപ്പാളിനും 20-10-2015 നു തന്നെ പരാതി നല്‍കിയിരുന്നു.

♦ തുടര്‍ന്ന് പരാതി നല്‍കിയ ഒമ്പത് പേരും രക്ഷിതാക്കളുമായി പ്രിന്‍സിപ്പാളിനെ കണ്ടതിനു ശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന നിര്‍ദ്ദേശം ലഭിച്ചു.

♦ തുടര്‍ന്നുള്ള അഞ്ച് ദിവസം കോളേജിന് അവധിയായിരുന്നു. അതിനുശേഷം രക്ഷിതാക്കളുമായി കോളേജിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ അദ്ദേഹവും അച്ചടക്ക കമ്മിറ്റി അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അവരില്‍ വനിതാ അധ്യാപികമാരാരും ഉണ്ടായിരുന്നില്ല.

♦ അവിടെ വെച്ച് രക്ഷിതാവ് കേള്‍ക്കെ തങ്ങളുടെ  വ്യക്തിത്വത്തെ ഹനിക്കുന്നതും അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളുണ്ടായി. ആ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ മാപ്പു പറയേണ്ടി വരികയും തങ്ങള്‍ പറയാത്തതും അംഗീകരിക്കാത്തതുമായ കാര്യങ്ങള്‍ എഴുതിയ കത്ത് വീട്ടിലേയ്ക്കയച്ച് ഒരു കോപ്പി ഒപ്പിടുവിച്ച് വാങ്ങിക്കുകയും ചെയ്തിരുന്നു.

♦ കോളേജിനെതിരായ പരാമര്‍ശങ്ങള്‍  ഉണ്ടായാല്‍ ഒരു നോട്ടീസു പോലും കൂടാതെ കോളേജില്‍ നിന്നും പുറത്താക്കുമെന്ന് താക്കീതും നല്‍കി.

♦ തങ്ങളെയും ചുംബനസമരക്കാരുടെ വക്താക്കളായി ചിത്രീകരിക്കുവാന്‍ കോളേജധികൃതര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.

♦ ഈ കാരണങ്ങളാലെല്ലാം തങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലും സമ്മര്‍ദ്ദത്തിലുമാണ്.

പരാതിയില്‍ പറഞ്ഞിട്ടുള്ള മേല്‍ പ്രസ്താവിച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും കാഴ്ച്ചക്കുറവുള്ള ഒരു പെണ്‍കുട്ടിയാണ് താനെന്നും തനിയ്ക്ക് പരാതിയുമായി മുമ്പോട്ടു പോകുന്നതിന് ബുദ്ധിമുട്ടാണെന്നും കമ്മീഷന് തന്റെ അവസ്ഥ ബോധ്യപ്പെടുമെന്ന് വിശ്വസിക്കുന്നതായും കുമാരി ജസീല ജന്നാത്ത് മൊഴി നല്‍കി.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായ ദിനു എന്ന വിദ്യാര്‍ത്ഥിയും കമ്മീഷന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നതിനായി എത്തി. അവരോടൊപ്പം മറ്റു വിദ്യാര്‍ത്ഥികളും കോളേജ് യൂണിയന്‍ ഭാരവാഹികളും എത്തി. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ കോളേജ് യൂണിയന്‍ ഭാരവാഹികളുടെ അഭിപ്രായം കേട്ടശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടേയും അതിനുശേഷം മറ്റു വിദ്യാര്‍ത്ഥികളില്‍ ഒരേ അഭിപ്രായക്കാരുടെയെല്ലാം മൊഴി ഒന്നിച്ചും രേഖപ്പെടുത്തുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

യൂണിയന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടത് പ്രകാരം കോളേജില്‍ മാധ്യമങ്ങളും ഒരു വിഭാഗം വിദ്യാര്‍ത്ഥികളും ആരോപിക്കുന്നതു പോലെ ലിംഗവിവേചനം ഇല്ലെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് വിദ്യാര്‍ത്ഥികളുടെ തന്നെ ആവശ്യപ്രകാരമാണെന്നും കോളേജില്‍ ഗ്രൂപ്പ് സോങ്ങ് പോലുള്ള പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പങ്കെടുക്കാറുണ്ടെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള ടീമുകള്‍ നിലവിലുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആരോപിക്കും പോലെയുള്ള  വിവേചനം കോളേജില്‍ നിലവിലില്ലെന്നും അവര്‍ മൊഴി നല്‍കി.

അടുത്ത പേജില്‍ തുടരുന്നു

സംഭവദിവസം ഏതാനും കുട്ടികള്‍ മുന്‍കൂട്ടി തിരുമാനിച്ച് ക്ലാസില്‍ മറ്റു ബെഞ്ചുകള്‍ ഒഴിഞ്ഞു കിടന്നപ്പോള്‍ ഒരേ ബഞ്ചിലിരുന്നതിന് അദ്ധ്യാപകന്‍ അനുവാദം നല്‍കാതിരുന്നപ്പോള്‍ സ്വയം ഇറങ്ങിപ്പോവുകയും മാധ്യമങ്ങളെ സമീപിച്ച് വാര്‍ത്തയാക്കുകയും അതുവഴി കോളേജിനെ അപകീര്‍ത്തിപ്പെടുത്തുവാനും ശ്രമിക്കുകയാണുണ്ടായത്. ഒരുതരത്തിലുള്ള ലിംഗവിവേചനവും കോളേജില്‍ നിലവിലില്ലെന്നും അവര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടത്  കോളേജിന്റെ എല്ലാ നടപടികളിലും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ്. കോളേജിലെ ടീമുകള്‍ ഫസ്റ്റ് ഇയര്‍ ബോയ്‌സ്, ഫസ്റ്റ് ഇയര്‍ ഗേള്‍സ്, സെക്കന്റ് ഇയര്‍ ബോയ്‌സ്, സെക്കന്റ് ഇയര്‍ ഗേള്‍സ്, തേഡ് ഇയര്‍ ബോയ്‌സ്, തേഡ് ഇയര്‍ ഗേള്‍സ്, ഗേള്‍സ് ഹോസ്റ്റല്‍ ടീം, മെന്‍സ് ഹോസ്റ്റല്‍ ടീം എന്നിങ്ങനെയാണെന്നും ലിംഗപരമായ വേര്‍തിരിവില്ലാതെ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം എന്ന രീതിയിലോ ഹൗസുകളായോ ടീമുകള്‍ ഈ കോളേജില്‍ ഇല്ലെന്നും പരാതിപ്പെട്ടു. കാമ്പസില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം “സോണ്‍സ്” ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു ബെഞ്ചിലിരുന്നാല്‍ സ്റ്റാഫും സദാചാര പോലീസും സെക്യൂരിറ്റി ജീവനക്കാരും എത്തി ഉടന്‍ തന്നെ മാറിയിരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. കോളേജ് ക്യാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സ്ഥലങ്ങള്‍ നിശ്ചയിച്ച് നല്‍കിയിരിക്കുന്നത് ലിംഗവിവേചനമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പങ്കെടുക്കുന്ന കലാമത്സര ഇനങ്ങള്‍ ഒഴിവാക്കുന്നു.

ഇതിന്റെ ഭാഗമായി നാടക മത്സരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോളേജ് പങ്കെടുക്കാറില്ല. നാടക മത്സരത്തിന് സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന കോളേജ് ഇത് നിര്‍ത്തലാക്കിയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ എണ്ണത്തില്‍ കുറവായതു കൊണ്ട് മാത്രം പി.ജി. ക്ലാസുകളില്‍ ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ചുള്ള ടീമുകള്‍ക്ക് അനുമതി നല്‍കുകയാണ്. ലൈബ്രറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത കസേരകളില്‍ ഇരിക്കുവാന്‍ പാടില്ലെന്ന അലിഖിത നിയമം സെക്യൂരിറ്റി സ്റ്റാഫിന്റേയും അധ്യാപകരുടേയും സഹായത്തോടെ നടപ്പിലാക്കുന്നു.

സ്വയംഭരണ പദവിയുള്ളതിനാല്‍ തങ്ങളെ എതിര്‍ക്കുന്നവരുടെ ഭാവി  തുലച്ചു കളയുമെന്ന തരത്തില്‍ ഭീഷണിപ്പെടുത്തുന്നു. പീഢനങ്ങള്‍ സഹിച്ചു കൊണ്ട് നിശബ്ദരായി കഴിയുവാന്‍ വിധിക്കപ്പെട്ട നിസ്സഹായ യുവത്വം, നിരവധി പരാതികള്‍ക്കൊടുവില്‍ പ്രതിഷേധ സൂചകമായി ഒന്നിച്ച് ഒരേ ബഞ്ചിലിരുന്നുവെന്നതാണ് സത്യമെന്നും പരാതികള്‍ക്ക് ചെവി കൊടുക്കാതിരുന്ന കോളേജ് അധികൃതരുടെ നടപടിയാണ് വിഷയം മാധ്യമങ്ങളുടെ സഹായത്തോടെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതുമെന്നും അവര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.

കോളേജ് അധികൃതരുടെ നടപടികള്‍ ന്യായികരിച്ചു കൊണ്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഒരോരുത്തരുടെയും മൊഴി പ്രത്യേകമായി രേഖപ്പെടുത്തുന്നതിനുപകരം മൊഴി നല്‍കാനെത്തിയ കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് ഒരേ  അഭിപ്രായക്കാരായ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവസരം നല്‍കുകയായിരുന്നു.

സംഭവ ദിവസം ക്ലാസിലുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞതിന്‍ പ്രകാരം മലയാളം കോമണ്‍ ക്ലാസില്‍ ആകെ 130 കുട്ടികളാണെന്നും അവര്‍ക്കായി ക്ലാസില്‍ 21 ബഞ്ചുകള്‍ ഉണ്ടെന്നും അന്നേ ദിവസം ക്‌ളാസില്‍ 110 കുട്ടികള്‍ ഉണ്ടായിരുന്നെന്നും പിന്നില്‍ കുട്ടികള്‍ ഒരുമിച്ച് ഒരു ബെഞ്ചില്‍ മുട്ടിയുരുമ്മി ഇരുന്നപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ബഞ്ചിലേയ്ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറി മാറി ഇരിക്കുവാന്‍ മാത്രമാണ് അധ്യാപകന്‍ ആവശ്യപ്പെട്ടതെന്നും അപ്രകാരം മാറി ഇരിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ തന്റെ ക്ലാസില്‍ ഇരിക്കേണ്ടയെന്ന് പറഞ്ഞപ്പോള്‍ ദിനു ഉള്‍പ്പെടെയുള്ള ഒമ്പത് കുട്ടികള്‍ സ്വമേധയാ ക്ലാസില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നെന്നും അല്ലാതെ അധ്യാപകന്‍ അവരെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ടതല്ലെന്നും ക്ലാസ് സുഗമമായി നടത്തി കൊണ്ടു പോകുവാന്‍ വേണ്ടിയാണ് അധ്യാപകന്‍ അപ്രകാരം ചെയ്തതെന്നും തങ്ങളാരും ബഞ്ചുകളില്‍ ഇടകലര്‍ന്ന് ഇരിക്കാറില്ലെന്നും അങ്ങനെ ഇരിക്കുന്നത് പഠിക്കുന്നതിന് നല്ലതല്ലെന്നും കുട്ടികള്‍  അഭിപ്രായപ്പെട്ടു.

കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് 70 ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് ഇരിപ്പിടം ഉറപ്പാക്കുന്നതിന് വേണ്ടി അവരുടെ തന്നെ ആവശ്യ പ്രകാരമാണെന്നും കാന്റീനിലും ഇപ്രകാരം ആണ്‍കുട്ടികള്‍ക്കു പ്രത്യേക സ്ഥലം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോളേജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടീമുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് തങ്ങളുടെ ആവശ്യപ്രകാരവും സൗകര്യവും കണക്കിലെടുതതാണെന്നും കോളേജ് ഹോസ്റ്റലുകള്‍ക്ക് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രത്യേക ടീമുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അവര്‍ക്ക് പ്രാക്റ്റീസിനുള്ള സൗകര്യം കണക്കിലെടുത്താണെന്നും ഇതൊക്കെ ലിംഗവിവേചനമായി ആരോപിക്കുന്നത് കോളേജിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട ദിനു എന്ന വിദ്യാര്‍ത്ഥി മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് പെണ്‍കുട്ടികളെ നിരുത്സാഹപ്പെടുത്താറുണ്ടെന്നും ഇത് തങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും ചില വിദ്യാര്‍ത്ഥിനികള്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. കോളേജില്‍ ഇന്ന് നിലവിലുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചുള്ള ടീമുകളും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിട്ടുളളതും കൂടി  കണക്കിലെടുത്താണ് തങ്ങള്‍ ഈ കോളേജില്‍ പഠനത്തിന് ചേര്‍ന്നതെന്നും ചില വിദ്യാര്‍ത്ഥിനികള്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.

അടുത്ത പേജില്‍ തുടരുന്നു

തുടര്‍ന്ന് മൊഴി നല്‍കാന്‍ എത്തിയ മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര് പരസ്യപ്പെടുത്തരുതെന്നും ഇത് തങ്ങളുടെ ഭാവിയെ അപകടപ്പെടുത്തുമെന്നുമുള്ള ആശങ്ക അറിയിച്ചു കൊണ്ട് അവരുടെ മൊഴി രേഖപ്പെടുത്തുകയുണ്ടായി. ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ ഈ കൂട്ടത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടത് കോളേജില്‍  അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുകയാണെന്നും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്യാമ്പസിലോ, ക്ലാസിലോ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിന് കോളേജില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും വിശ്രമ സമയത്ത് ഇവര്‍ക്ക് ഇരിക്കുന്നതിന് പ്രത്യേകമായി റസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ ആണ്‍കുട്ടിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടാല്‍ സെക്യൂരിറ്റി സ്റ്റാഫും അധ്യാപകരും സദാചാര പോലീസും ഉടന്‍ രംഗത്ത് എത്തി അവരെ വേര്‍പിരിച്ച് അയക്കുമെന്നും ഇത് വ്യക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ സ്വാതന്ത്രത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നും ഇത് കോളേജില്‍ എല്ലായിടത്തും നിലവില്‍ ഉണ്ടെന്നും ഇവര്‍ മൊഴി നല്‍കി. രക്ഷാകര്‍ത്താവിനെ കൂട്ടി വരാന്‍ ആവശ്യപ്പെട്ടതുപ്രകാരം സ്വന്തം മാതാവിനെ കൂട്ടി വന്ന വിദ്യാര്‍ത്ഥിനിയോട് മാതാവിനെ രക്ഷാകര്‍ത്താവായി അംഗീകരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ച് പിതാവിനെ കൂട്ടികൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് ലിംഗവിവേചനമാണ്.

കോളേജില്‍ ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ കലാമത്സര ടീമുകള്‍ ഉള്ളത് പി.ജി. കോഴ്‌സുകളില്‍ മാത്രമാണെന്നും ഇത് ലിംഗവിവേചനമില്ലായെന്നു കാണിക്കുവാന്‍ വേണ്ടി കോളേജ് അധികൃതര്‍ നടത്തി വരുന്ന വൃഥാശ്രമത്തിന്റെ ഭാഗമാണെന്നും സ്ഥിരമായി നാടകമത്സരത്തിന് ഒന്നാം സ്ഥാനം നേടിയിരുന്ന കോളേജ് ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികളെ കൂടി ടീമിലുള്‍പ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നാടക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണെന്നും എല്ലാ രംഗത്തും കോളേജ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് നിര്‍ത്തുകയാണെന്നും ഇത് കാന്റീനിലും ലൈബ്രറിയിലുമെല്ലാം കാണാമെന്നും ഇതിനെതിരെ കാമ്പസില്‍ പുകഞ്ഞു വന്ന അമര്‍ഷം 20-10-2015 ലെ ഒരുമിച്ചിരിക്കലില്‍ കലാശിച്ചതാവാമെന്നും അവര്‍ മൊഴി നല്‍കി. ഈ വിവേചനങ്ങള്‍ക്കെതിരെ കമ്മീഷന്‍ ശക്തമായി ഇടപെടണമെന്നും തങ്ങള്‍ക്കും മറ്റ് കലാലയങ്ങളിലെ പോലെ ലിംഗപരമായ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെന്ന നിലയ്ക്കുള്ള സമത്വപൂര്‍ണ്ണമായ ഒരു അന്തരീക്ഷം ഇവിടെയും ഏര്‍പ്പെടുത്തുവാന്‍ കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. കോളേജില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നതായും രക്ഷിതാക്കളെ മതത്തിന്റെ പേര് പറഞ്ഞ്  പിഢീപ്പിക്കുന്നതായും എസ്.എഫ്.ഐ. കോളേജ് യൂണിറ്റിനുവേണ്ടി എഴുതി സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നു. കോളേജില്‍ ലിംഗവിവേചനം നിലനില്‍കുന്നതായി മറ്റു ചില വിദ്യാര്‍ത്ഥി സംഘടനകളും കമ്മീഷനുമുമ്പാകെ പരാതിപ്പെട്ടു.

തുടര്‍ന്ന് കോളേജ് പി.റ്റി.എ. ഭാരവാഹികളില്‍ നിന്നും സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികളില്‍ നിന്നും കമ്മീഷന്‍ മൊഴി എടുത്തു.  സംസ്ഥാനത്ത് ഒരു കോളേജിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നല്ല അധ്യയനം നടത്തുന്നതെന്നും ക്ലാസിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കം പാലിക്കുന്നതിനും വേണ്ടി ഒരുമിച്ചിരിക്കുന്നവര്‍ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചുകളിലേയ്ക്ക് മാറിയിരിക്കുവാന്‍ അധ്യാപകന്‍  ആവശ്യപ്പെട്ടപ്പോള്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു കൊണ്ട് ധിക്കാരപൂര്‍വ്വം ക്ലാസില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നെന്നും അവരോട് ക്ലാസില്‍ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി മലയാള വിഭാഗം മേധാവിയെ കണ്ടതിനുശേഷം മാത്രം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയായ മലയാള വിഭാഗം മേധാവി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ തന്നെ കാണുന്നതിന് പകരം ക്ലാസില്‍ നിന്നു ഇറങ്ങിപ്പോയ  ദിനു ഉള്‍പ്പെടെയുള്ളവര്‍ പുറത്തു കാത്തുനിന്ന മാധ്യമങ്ങളെ കണ്ട് ഇന്റര്‍വ്യൂ നല്‍കുകയും കോളേജിന് അപകീര്‍ത്തി ഉണ്ടാകുന്ന രീതിയില്‍ പെരുമാറുകയുമാണ് ചെയ്തത്.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് കോളേജില്‍ അച്ചടക്കം പാലിക്കേണ്ടതിന്റെ ഭാഗമായി രക്ഷിതാക്കളെ കൂട്ടി അടുത്ത അധ്യായന ദിവസം പ്രിന്‍സിപ്പാളിനെ  കാണുവാന്‍ നിര്‍ദ്ദേശിച്ചതല്ലാതെ മറ്റു നടപടികള്‍ ഒന്നും തന്നെ കോളേജിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചിരുന്നില്ലെങ്കില്‍ പോലും കോളേജില്‍ ലിംഗവിവേചനമെന്നും കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കിയെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ബോധപൂര്‍വ്വം കോളേജിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ദൃശ്യ വാര്‍ത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രമം നടക്കുകയുണ്ടായി. സംഭവത്തില്‍ ഉള്‍പ്പെട്ട ദിനു എന്ന വിദ്യാര്‍ത്ഥി ഒഴികെ മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാം തങ്ങളുടെ രക്ഷിതാക്കളെ കൂട്ടി പ്രിന്‍സിപ്പാളിനെ കാണുകയും ഉണ്ടായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാപ്പ് എഴുതി നല്‍കിയിട്ടുള്ളതുമാണ്.

രക്ഷിതാവിനെ കൂട്ടി വരാതിരുന്ന ദിനുവിനെ അന്വേഷണ വിധേയമായി കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുള്ളതും ഈ വിദ്യാര്‍ത്ഥി ബഹു. ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുള്ളതിനാല്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തതുമാണ്. ഏതാനും ചില വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നതു പോലെ കോളേജില്‍ ലിംഗവിവേചനം ഇല്ലെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ മാറ്റി വെച്ചിട്ടുള്ളത് കോളേജില്‍ ന്യൂനപക്ഷമായ ആണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും ലൈബ്രറിയില്‍ ഒരുമിച്ചിരിക്കുവാനോ, സംസാരിക്കുവാനോ മറ്റു കോളേജുകളിലും അനുവാദം നല്‍കാറില്ലെന്നും ഫാറൂഖ് കോളേജില്‍ മാത്രമായി ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മത്സരത്തിനുള്ള ടീമുകള്‍ തീരുമാനിക്കുന്നത് കോളേജ് യൂണിയനുകള്‍ ആണെന്നും ഇക്കാര്യത്തില്‍ അവരുടെ ശുപാര്‍ശ അനുസരിച്ചുള്ള നടപടികള്‍ മാത്രമെ കോളേജിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുള്ളുവെന്നും കലാലയത്തിലെ സമാധാന  അന്തരീക്ഷം ലിംഗ വിവേചനവും മറ്റും ആരോപിച്ച് തകര്‍ക്കുവാനുളള ബോധപൂര്‍വ്വമായ ശ്രമമാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഒരധ്യയന ദിവസം പോലും കോളേജിന് നഷ്ടമായിട്ടില്ലെന്നും ഇത് വിദ്യാര്‍ത്ഥികള്‍  ഒന്നടങ്കം ഈ  പ്രചരണത്തിന് എതിരാണെന്നതിനുള്ള സാക്ഷ്യപത്രം കൂടിയാണെന്നും മൊഴി നല്‍കി.

അടുത്ത പേജില്‍ തുടരുന്നു

കോളേജ് പ്രിന്‍സിപ്പാള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി താഴെപ്പറയും പ്രകാരമുള്ള കാര്യവിവരണ പത്രിക സമര്‍പ്പിച്ചു.

1948 ല്‍ സ്ഥാപിതമായ കോളേജ് സംസ്ഥാനത്തെ പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനുള്ള അത്താണിയാണ്. രാജ്യത്തെ മികച്ച കോളേജുകള്‍ക്ക് നല്‍കുന്ന സി.പി.ഇ. പദവിയും നാകിന്റെ എ ഗ്രേഡുമുള്ള കോളേജിന് ഈ വര്‍ഷം മുതല്‍ സ്വയം ഭരണ പദവിയും ലഭിച്ചിട്ടുണ്ട്.

20-10-2015 ന് കോളേജിലെ ഒന്നാം വര്‍ഷ മലയാളം കോമണ്‍ ക്ലാസില്‍ ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അനുസരിക്കാതെ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയതില്‍ പരാതി ലഭിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് അവര്‍ മുഖാന്തരം കുട്ടികളോട് സംസാരിച്ചിരുന്നു. രക്ഷിതാക്കളുടെ മുമ്പില്‍ വെച്ച് മാത്രമേ അവരോട് സംസാരിച്ചിട്ടുള്ളൂ. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ മറ്റോ ചെയ്തിട്ടില്ല. സ്വയം ബോധ്യപ്പെട്ടതിനാലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാപ്പെഴുതി തന്നത്.

ഒരു വിദ്യാര്‍ത്ഥി മാത്രം രക്ഷിതാവിനോടൊപ്പം വന്നു സംസാരിച്ചില്ല. മാത്രമല്ല ഇയാള്‍ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ വിഷ്വല്‍ മീഡിയയിലൂടെയും സോഷ്യല്‍ മീഡിയകളിലുടെയും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പ്രസ്തുത വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പക്ഷേ സസ്‌പെന്‍ഷനും അന്വേഷണ നടപടികളും സ്റ്റേ ചെയ്തുകൊണ്ട് ഈ വിദ്യാര്‍ത്ഥി ബഹു. ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചു. അതിനാല്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാനാവുന്ന പക്ഷം മാത്രമേ ഈ വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ കോളേജിന് എന്തെങ്കിലും തീരുമാനം എടുക്കാനാവൂ.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് കോളേജിലെ കാര്യങ്ങളുമായി ബന്ധമില്ല. ചിലരുടെ ഭാവനകള്‍ വാര്‍ത്തകളായി വരുന്നു എന്ന് മാത്രമെ തോന്നിയിട്ടുള്ളൂ. അണ്ടര്‍ ഗ്രാജുവേറ്റ് ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടുകളും ഒരേ ബെഞ്ചിലിരിക്കുന്നത് കേരളത്തിലെ മറ്റ് കോളേജുകളിലെന്ന പോലെ ഫാറൂഖ് കോളേജിലെയും രീതിയല്ല. ചിലരെ മാത്രം അതിനനുവദിക്കുന്നത് വിവേചനപരമാണ്.

മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികളും 150 ലേറെ അധ്യാപകരും ഉള്ള ഈ കലാലയത്തില്‍ അച്ചടക്കം കാത്തുസൂക്ഷിക്കേണ്ടത് പ്രിന്‍സിപ്പാളിന്റെ ഉത്തരവാദിത്വവും അധികാര പരിധിയില്‍ വരുന്നതുമാണ്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോളേജിലെയും യൂണിവേഴ്‌സിറ്റിയിലേയും സ്റ്റാറ്റിയൂട്ടറി സമിതികളെ സമീപിച്ച് പരിഹാരം തേടുന്നതിന് പകരം മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് കോളേജിന്റെ അച്ചടക്കത്തേയും അക്കാദമിക അന്തരീക്ഷത്തേയും ഗുരുതരമായി ബാധിക്കുന്നതാണ്. കോളേജില്‍ 90 ശതമാനത്തില്‍ വിദ്യാര്‍ത്ഥികളും പിന്നോക്ക ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരും 70 ശതമാനത്തില്‍ അധികം പെണ്‍കുട്ടികളുമാണ്.

സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ബഹു. ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ മറ്റു വിശദീകരണങ്ങളിലേയ്ക്ക് പോകുന്നില്ല. ആയതിനാല്‍ കമ്മീഷന് മുന്നിലുള്ള നിലവിലെ പരാതി തള്ളിക്കളയണമെന്നും കോളേജിന്റെ സുഗമമായ നടത്തിപ്പിന് കമ്മീഷന്റെ സഹായം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

ലക്ഷ്യരേഖകള്‍     

മാധ്യമ വാര്‍ത്തകള്‍, കമ്മീഷന്‍ മുമ്പാകെ ലഭിച്ച പരാതി, വിദ്യാര്‍ത്ഥികള്‍ എഴുതി സമര്‍പ്പിച്ച മൊഴികള്‍, ഫോട്ടോകള്‍, രേഖകള്‍, നേരില്‍ രേഖപ്പെടുത്തപ്പെട്ട മൊഴികള്‍, വിവിധ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങള്‍, കോളേജ് യൂണിയന്‍ ഭാരവാഹികളുടെ മൊഴികള്‍, കോളേജ്  അധികൃതര്‍, സ്റ്റാഫ് കൗണ്‍സില്‍, പി.റ്റി.എ. പ്രതിനിധികള്‍, എന്നിവരുടെ മൊഴികള്‍, പ്രിന്‍സിപ്പാള്‍ സമര്‍പ്പിച്ച കാര്യവിവരണ പത്രിക.

നിഗമനങ്ങള്‍

1.    കേരളത്തിലെ കോളേജുകളില്‍ പൊതുവില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് കോളേജുകളില്‍ എന്ന പോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരേ ബഞ്ചില്‍ ഇരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ലിംഗപരമായ സ്വാഭാവിക വേര്‍തിരിവിനുപരിയായി ലിംഗസമത്വം ഹനിക്കുന്ന തരത്തില്‍ കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ച് നല്‍കുകയും അവരെ വേര്‍തിരിക്കുന്ന മതില്‍ക്കെട്ടുപോലെ മധ്യത്തിലായി സ്റ്റാഫിനുള്ള സ്ഥലവും നിശ്ചയിച്ചു നല്‍കിയിട്ടുള്ളത് ഇവര്‍ ഒന്നിച്ച് ഇരിക്കുന്നതും ഇടപഴകുന്നതും വിലക്കി കൊണ്ടുള്ള പ്രത്യക്ഷ നടപടിയായി കമ്മീഷന്‍ വിലയിരുത്തുന്നു. മറ്റു കോളേജുകളിലെപ്പോലെ വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് എന്ന നിലക്കുള്ള വേര്‍തിരിവായിരുന്നു ഉചിതമായത് എന്നും കമ്മീഷന്‍  നിരീക്ഷിക്കുന്നു.

2.    കോളേജ് കാമ്പസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് 70 ശതമാനം പെണ്‍കുട്ടികള്‍ ഉള്ള കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് അല്ലാത്തപക്ഷം ഇരിക്കുവാനുള്ള ഇടം ലഭിക്കില്ലെന്ന അവരുടെ ആശങ്ക മൂലം അവര്‍ തന്നെ പ്രകടിപ്പിച്ച അഭിപ്രായ പ്രകാരമാണെന്നത് അവിശ്വസിനീയമായ പ്രസ്താവമായേ കാണാനാകു. മറിച്ച് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുള്ളത് കൂടി കണക്കിലെടുക്കുമ്പോള്‍ കോളേജ് അധികൃതരുടെ നടപടി ന്യായികരിക്കുവാന്‍ ഒരുപറ്റം വിദ്യാര്‍ത്ഥികളെ  ഉപയോഗിക്കുന്നുവെന്ന നിഗമനമാണ് കമ്മീഷന് ഉള്ളത്.

3.    മറ്റു കോളേജുകളില്‍ നിന്നും വ്യത്യസ്തമായി ടീമുകളെല്ലാം (പി.ജി.  ഒഴികെ) തന്നെ ലിംഗപരമായി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണിതെന്ന ന്യായം നിലനില്‍ക്കുന്നതല്ല.

4.    ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒരുമിച്ചുള്ള ഇടപഴകല്‍ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ വേണം നാടക മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാനുള്ള കോളേജ് അധികൃതരുടെ തീരുമാനത്തെ കാണുവാന്‍. സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന ഒരു കോളേജ് ഇതില്‍ നിന്നു പിന്മാറിയതിന് ബോധ്യമാവുന്ന മറ്റു ന്യായങ്ങള്‍ ഒന്നും നിരത്തുവാന്‍ കോളേജ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല എന്ന വസ്തുത ഇത് അടിവരയിടുന്നു.

5.    ലിംഗവിവേചനം സംബന്ധിച്ച് നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചുവെങ്കിലും കോളേജ് അധികാരികളോ, വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന്‍ ഭാരവാഹികളോ ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്നതിന്റെ പരിണത ഫലമായിട്ടു വേണം 20-10-2015 ലെ സംഭവവികാസങ്ങളെ  കാണുവാന്‍. തങ്ങളുടെ പരാതി ആരും കേള്‍ക്കുന്നില്ലെന്ന ബോധ്യത്തില്‍ നിന്നും മാധ്യമങ്ങളെ സമീപിച്ച വിദ്യാര്‍ത്ഥികളുടെ നടപടിയെ അതിരുവിട്ടതായി കാണുവാന്‍ കഴിയില്ല. ഉത്തരവാദപ്പെട്ടവരുടെ അലംഭാവമാണ് ബദല്‍മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു.

6.    കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിടയിലും നിരവധി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കി വരുന്ന ആണ്‍/പെണ്‍ വേര്‍തിരിവിനെതിരേയും അവര്‍ക്ക് പരസ്പരം സംസാരിക്കുവാനും ആശയങ്ങള്‍ കൈമാറുവാനുമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെയും മൊഴി നല്‍കിയെന്നത് കോളേജിനുമേല്‍ ആരോപിതമായ ലിംഗവിവേചന ആരോപണം സംശയലേശമന്യെ തള്ളിക്കളയാന്‍ കഴിയില്ലെന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തിച്ചേരുന്നു.

7.    ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതും സംസാരിക്കുന്നതും ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മിക്‌സഡ് കോളേജായ ഫാറൂഖ് കോളേജിനുപകരം വനിതകള്‍ക്കുമാത്രം പ്രവേശനമുള്ള വനിതാ കോളേജുകള്‍ പഠനത്തിനായി തെരഞ്ഞെടുക്കുവാന്‍ സൗകര്യമുണ്ടെന്നിരിക്കേ അത്തരത്തിലുള്ള വിലക്കുകള്‍ കൂടിയാണ് ഈ കലാലയം അദ്ധ്യയനത്തിനായി തെരഞ്ഞെടുക്കുവാന്‍ കാരണമെന്ന ഏതാനും വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തെ കമ്മീഷന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.

8.    ബഹു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ്സായതിനാല്‍ ദിനു എന്ന വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്‍ അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ  നടത്തുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു

ഫാറൂഖ് കോളേജിലെ യുവതീ-യുവാക്കളുടെ അവകാശ സംരക്ഷണത്തിനായി താഴെപ്പറയുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി പ്രിന്‍സിപ്പാളിന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍

1.    ഫാറൂഖ് കോളേജിലെ കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതിനുപകരമായി സ്റ്റാഫിനും വിദ്യാര്‍ത്ഥികള്‍ക്കുമായി ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ സ്ഥല കമീകരണം ഏര്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുക.

2.    കോളേജ് ക്യാമ്പസില്‍ ആണ്‍കുട്ടികള്‍ക്കു മാത്രമായി ഏര്‍പ്പെടുത്തിയിട്ടുള്ള റെസ്റ്റ് സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ പാടില്ല.

3.    കലാ മത്സരങ്ങള്‍ക്ക് നിലവിലുള്ള ടീം ഘടന മാറ്റി മറ്റു കോളേജുകളില്‍ നിലവിലുള്ളതു പോലെ എല്ലാ ക്ലാസുകളിലും (ഡിഗ്രിയ്ക്കും പി.ജിയ്ക്കും) ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന പൊതു ടീമുകള്‍ ലിംഗ വ്യത്യാസമില്ലാതെ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുക.

4.    കോളേജ് ക്യാമ്പസില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എല്ലാം “താങ്കള്‍ ക്യാമറ നിരീക്ഷണത്തിലാണ്” എന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുക.

5.    രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞതനുസരിച്ച് മാതാവുമായി എത്തിയ വിദ്യാര്‍ത്ഥിയോട് പിതാവിനെ മാത്രമെ രക്ഷിതാവായി അംഗീകരിക്കുകയുള്ളൂവെന്ന ശാഠ്യം പിടിച്ചത് ശരിയായ നടപടിയല്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

6.    കോളേജിനുള്ളില്‍ അച്ചടക്കം നിലനിറുത്തുന്നതിനും സുഗമമായ അധ്യായനം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ കോളേജ് പ്രിന്‍സിപ്പാളിന് അധികാരമുണ്ട്. എന്നാല്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ പാടില്ല.

ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി കമ്മീഷന്‍ സമര്‍പ്പിക്കുന്നു.

കേരളത്തിലെ കോളേജുകളില്‍ പൊതുവില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍

1.    ശാരീരികമായി വെല്ലുവിളി നേരിടുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഫാറൂഖ് കോളേജില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായിരുന്നു. പരാതിയുമായി ബന്ധപ്പെട്ടതല്ലാതെ അവര്‍ ഉന്നയിച്ച പ്രധാനപ്പെട്ട പ്രശ്‌നം കോളേജ് ക്യാമ്പസുകള്‍ പൊതുവില്‍ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്നുള്ളതാണ്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് കേരളത്തിലെ എല്ലാ കോളേജുകളിലും ഇത്തരക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥി സൗഹൃദ കാമ്പസുകള്‍ (Differently abled friendly campus) ആക്കുവാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

2.    എല്ലാ അധ്യയന വര്‍ഷാരംഭത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ചും, മദ്യം-മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍, റാഗിംഗ് എന്നിവയ്‌ക്കെതിരേയും ബോധവത്ക്കരണ പരിപാടികള്‍ നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

3.    ഒരു ജനാധിപത്യ രാജ്യത്തെ പൗരന്‍മാര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ജനാധിപത്യ ബോധം ഉണ്ടാകേണ്ട സാഹചര്യത്തില്‍ ക്യാമ്പസുകളില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ കോളേജ് അധികാരികളുടെയോ മാനേജ്‌മെന്റുകളുടേയോ ഭാഗത്തു നിന്ന് ഉണ്ടാകുവാന്‍ പാടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കുള്ള സംഘടനാ സ്വാതന്ത്യം ദുരുപയോഗപ്പെടുത്താതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

4.    സ്വയംഭരണ കോളേജുകള്‍ തങ്ങള്‍ക്ക് പുതിയ അധികാരം ലഭിച്ച ധാരണയില്‍ സര്‍ക്കാരിന് ഉപരിയായി അനാവശ്യ നിയന്ത്രണങ്ങളും ഉപാധികളും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വയംഭരണ പദവി ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാനുള്ളതല്ലയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും വിദ്യാര്‍ത്ഥികളുടെ അധികാരങ്ങള്‍ക്കും മേല്‍ നിയമങ്ങളുണ്ടാക്കാന്‍ ഇത്തരം കലാലയങ്ങള്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമായി നിര്‍ദ്ദേശം നല്‍കേണ്ടതാണ്. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതാണ്.