കോഴിക്കോട്: ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച അധ്യാപകന്‍ മാപ്പ് പറയണമെന്ന് കോളേജ് ചെയര്‍പേഴ്‌സണ്‍ മിന ഫര്‍സാന. അധ്യാപകന്റെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് മിന ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.
ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികളെല്ലാം മോശമായി വസ്ത്രം ധരിക്കുന്നവര്‍ ആണെന്ന് ഇത്ര ധൈര്യത്തോടെ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളെ ഇതുവരെ കണ്ടിട്ടില്ലെന്ന് എനിക്കുറപ്പാണെന്ന് മിന പോസ്റ്റിലൂടെ പറഞ്ഞു. പറയേണ്ട വിഷയങ്ങള്‍ പറയുക തന്നെ വേണമെന്നു പറയുന്ന മിന പക്ഷേ ഒരു അധ്യാപകന്‍ കൂടിയായ താങ്കള്‍ ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് ചിന്തിക്കേണ്ടതായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ട അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തെത്തുടര്‍ന്നു നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള അന്വേഷണ കമ്മീഷന്‍ നിലവില്‍ വരികയും പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ക്യാംപസില്‍ നടന്നിരുന്ന ലിംഗവിവേചന സമരവുമായി ബന്ധപ്പെടുത്തി അധ്യാപകന്‍ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ പ്രചരിപ്പിക്കുകയാണെന്നും മിന പറഞ്ഞു.
പ്രസംഗത്തിന്റെ ഓഡിയോ ഡൂള്‍ന്യൂസിലൂടെയാണ് ആദ്യം പുറത്തുവരുന്നതെന്നും നേരത്തെ നടന്ന പ്രസംഗത്തിന്റെ വീഡിയോ ആ സമയത്ത് പ്രതികരിക്കാതെ എടുത്തുവെച്ച് ഒരു അവസരത്തില്‍ എടുത്ത് പ്രയോഗിച്ചവന് അഭിനന്ദനങ്ങളെന്നും മിന പോസ്റ്റിലൂടെ പറഞ്ഞു.
ഫാറൂഖ് കോളജിലെ വിഷയങ്ങളെ പൊലിപ്പിച്ചു കാണിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയോട് താന്‍ പ്രതികരിക്കുന്നില്ലെന്നും നിങ്ങള്‍ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ “താലിബാന്‍” കേന്ദ്രമാക്കിയാലും ഇവിടെ സര്‍ഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും വിതറുക തന്നെ ചെയ്യുമെന്നും ഫാറൂഖ് ഇതിനെയെല്ലാം അതിജയിക്കും, അതാണ് ശീലമെന്നു പറഞ്ഞാണ് മിനയുടെ പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഫാറൂഖ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ സെമസ്റ്റര്‍ എക്‌സാം കഴിഞ്ഞ അവസാന ദിവസം നടത്തിയിരുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി ഐക്യ പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള അന്വേഷണ കമ്മീഷന്‍ നിലവില്‍ വരികയും പ്രശ്‌നവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഭവങ്ങളെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടുന്നവരോടും കഥയറിയാതെ ആട്ടം കാണുന്നവരോടും,… ചില സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വിഷയത്തെ വളച്ചൊടിച്ചുകൊണ്ട് , മുന്‍പ് ക്യാമ്പസില്‍ കത്തി പടര്‍ന്നിരുന്ന ലിംഗവിവേചന സമരവുമായി ബന്ധപ്പെടുത്തി ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വിര്‍ സാറിന്റെ 10- 20 ദിവസങ്ങള്‍ക്കു മുന്‍പ് ഒരു കുടുംബ സംഗമ വേദിയില്‍ സംസാരിച്ചതിന്റെ ഓഡിയോ വൈറലായി ഓടിക്കൊണ്ടിരിക്കുന്നു, അല്ല ഓടിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമായി ഒരു പബ്ലിക് മീഡിയയിലൂടെ ഈ പ്രസംഗ ശകലം പുറത്തുവരുന്നത് ഡൂള്‍ ന്യൂസിലൂടെയാണ്, ഡൂള്‍ ന്യൂസിന് സ്വന്തമായി ഓഡിയോ പുറത്തുവിടാനുള്ള കഴിവ് ദൈവം നല്‍കിയിട്ടില്ലാത്ത സ്ഥിതിക്ക് ഡൂള്‍ ന്യൂസിലേക്ക് ഓഡിയോ നല്‍കിയവനോട്… മൂന്നാഴ്ച മുമ്പ് നടന്ന പ്രസംഗത്തിന്റെ ഓഡിയോ കരുതിവെച്ച് അന്നേരം പ്രതികരിക്കാതെ ഒരു അവസരത്തില്‍ എടുത്ത് പ്രയോഗിച്ച പ്രിയപ്പെട്ടവന് അഭിനന്ദനങ്ങള്‍.
പ്രിയപ്പെട്ട സാറേ…
ഫാറൂഖ് കോളജിലെ പെണ്‍ കുട്ടികള്‍ എല്ലാവരും മോശമായി വസ്ത്രം ധരിക്കുന്നവര്‍ ആണെന്ന് ഇത്ര ധൈര്യത്തോടെ നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ എനിക്കുറപ്പുണ്ട് നിങ്ങള്‍ ഫാറൂഖ് കോളജിലെ പെണ്‍ കുട്ടികളെ ഇതുവരെ കണ്ടിട്ടില്ല എന്ന കാര്യത്തില്‍. പറയേണ്ട വിഷയങ്ങള്‍ പറയുക തന്നെ വേണം പക്ഷേ ഒരു അധ്യാപകന്‍ കൂടിയായ താങ്കള്‍ ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് ചിന്തിക്കേണ്ടതായിരുന്നു. ഫാറൂഖ് കോളജിലെ പെണ്‍ കുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച ബഹുമാനപ്പെട്ട അധ്യാപഹയന്‍ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം.
ഫാറൂഖ് കോളജിലെ വിഷയങ്ങളെ പൊലിപ്പിച്ചു കാണിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയോട് ഒന്നും പറയാനില്ല കാരണം അവര്‍ കാണിക്കുന്നത് The so called മാധ്യമ ധര്‍മ്മമാണെന്ന് മനസിലാക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ “താലിബാന്‍” കേന്ദ്രമാക്കിയാലും ഇവിടെ സര്‍ഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും വിതറുക തന്നെ ചെയ്യും. ഫാറൂഖ് ഇതിനെയെല്ലാം അതിജയിക്കും. അതാണ് ശീലവും
മിന ഫര്‍സാന
ചെയര്‍പേഴ്‌സണ്‍
ഫാറൂഖ് കോളേജ്