| Friday, 29th January 2021, 7:56 am

ഒറ്റക്കെട്ടായി സംഘടിച്ച് കര്‍ഷകര്‍; സമരവേദി ഒഴിപ്പിക്കാനാവാതെ പൊലീസ് മടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖാസിപൂരില്‍ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി ജില്ലാ ഭരണകൂടം. സമര വേദിയില്‍ കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് കേന്ദ്രസേന പിന്‍വാങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി തന്നെ സമരവേദി ഒഴിയണമെന്നായിരുന്നു ഭരണകൂടം കര്‍ഷകരോട് ആവശ്യപ്പെട്ടത്. പൊലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടരുകയായിരുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസും കേന്ദ്ര സേനയും മടങ്ങിയതോടെ കര്‍ഷകര്‍ ദേശീയ പതാകയേന്തി ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.

ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യു.പി പൊലീസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് പറഞ്ഞിരുന്നു.

സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞിരുന്നു.

‘യാതൊരു രീതിയിലുള്ള സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ആദ്യം ഇവിടെയെത്തിയ ബി.ജെ.പി എം.എല്‍.എമാരെ ഒഴിപ്പിക്കൂ. ഏതെങ്കിലും രീതിയില്‍ സംഘര്‍ഷം നടന്നാല്‍ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പൊലീസ് തയ്യാറാകണം. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ഞാന്‍ തൂങ്ങിമരിക്കും’, തികേത് പറഞ്ഞു.

സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നിയമം പിന്‍വലിക്കാന്‍ സുപ്രീം കോടതി തന്നെ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും തികായത്ത് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ഖാസിപൂരിലെ കര്‍ഷകരോട് സംസാരിക്കവെയായിരുന്നു തികേതിന്റെ പ്രതികരണം.

അതേസമയം റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ട്രാക്ടര്‍ റാലിയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിന് ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിട്ടുമുണ്ട്.

ഉത്തര്‍ പ്രദേശ് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. കാരവാന്‍ മാഗസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ ഉത്തര്‍പ്രദേശ് പൊലീസ് കര്‍ഷകരെ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് ഭീഷണി പ്പെടുത്തിയിരുന്നതായി കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: FarmersProtest; Police personnel deployed in Ghazipur leave protest site

We use cookies to give you the best possible experience. Learn more