ന്യൂദല്‍ഹി: കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടമാക്കി കര്‍ഷകര്‍. ഉച്ചയൂണിന് ശേഷം ആരംഭിച്ച ചര്‍ച്ച വൈകീട്ട് ചായയ്ക്കായി പിരിഞ്ഞപ്പോഴായിരുന്നു കര്‍ഷകര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ താത്പര്യമില്ലെന്നും തീരുമാനം വേണമെന്നും പറഞ്ഞ കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫര്‍ ചെയ്ത ചായയും പലഹാരവും നിഷേധിച്ചു. മന്ത്രിമാരടക്കമുള്ളവര്‍ ചായയ്ക്കായി എഴുന്നേറ്റപ്പോള്‍ കര്‍ഷകര്‍ യോഗം നടക്കുന്ന മുറിയില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും കര്‍ഷകര്‍ കൊണ്ടുവന്നതായിരുന്നു. ഗുരുദ്വാരയില്‍ നിന്നുണ്ടാക്കിയ ഭക്ഷണാണ് ഇവര്‍ കഴിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചക്കിടെ ഉച്ചയൂണിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചിരുന്നു. സര്‍ക്കാരിന്റെ ഭക്ഷണം തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ ഇവര്‍ ഗുരുദ്വാരയില്‍ നിന്നെത്തിയ റൊട്ടിയും കറിയും വിഗ്യാന്‍സഭയുടെ നിലത്തിരുന്ന് കഴിക്കുകയായിരുന്നു.
അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കല്‍ പ്രായോഗികമല്ലെന്ന നിലപാടാണ് ഇന്നത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഒരടി സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പിടിയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകളും സംസാരവുമൊന്നും വേണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം എഴുതി നല്‍കിയാല്‍ മതിയെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം എഴുതി നല്‍കി.
വിഗ്യാന്‍ ഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷായും രാജ്നാഥ് സിംഗുമടക്കം നിരവധി പേരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷകരെ അനുനയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആദ്യമായി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.
അമിത് ഷാ, രാജ്നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക യോഗം.
കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ