ചണ്ഡീഗഡ്: ശക്തമായ തൊഴിലാളി പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് പഞ്ചാബ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വീടിന് മുമ്പിലാണ് നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്ന സമരം നടന്നത്.
സമീന്‍ പ്രാപ്തി സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ള തൊഴിലാളി യൂണിയനുകള്‍ സമരത്തിനെത്തിയത്. വൈകീട്ട് മൂന്ന് മണിയോടെ പാട്യാല ബൈപ്പാസിലേക്ക് ജാഥയായി എത്തിയ സമരക്കാര്‍ അവിടെ ഒത്തുകൂടിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
ഭഗവന്ത് മന്നിന്റെ വീടിന് മുന്നിലേക്ക് കൊടികള്‍ വീശി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് തൊഴിലാളികള്‍ എത്തിയത്. സമരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമരക്കാരുടെ ആവശ്യങ്ങള്‍ ?
അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ ഇപ്പോള്‍ ശക്തമായ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ദിവസവേതനം മിനിമം 700 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആദ്യ ആവശ്യം.
നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗ്യാരണ്ടി സ്‌കീം പ്രകാരം ഇത് നടപ്പിലാക്കണമെന്നാണ് സമരക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 5 മാര്‍ല ലാന്‍ഡ് സ്‌കീം നടപ്പാക്കണമെന്നതും സമരക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്.
ഗ്രാമത്തിലെ കോപ്പറേറ്റീവ് സൊസൈറ്റികളില്‍ 33 ശതമാനം ദളിത് പ്രാതിനിധ്യം ഉറപ്പാക്കുക, ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക, രോഗബാധയെ തുടര്‍ന്ന കന്നുകാലികള്‍ മരിച്ച കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുക, വിളനശിച്ചവര്‍ക്കും സമാനമായ രീതിയില്‍ സഹായധനം നല്‍കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
നേരത്തെ കര്‍ഷകര്‍ ഒക്ടോബറില്‍ 19 ദിവസം നീണ്ട സമരം നടത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ആ സമരം അവസാനിച്ചത്.
സമരം അടിച്ചമര്‍ത്താന്‍ ലാത്തിചാര്‍ജ്
തൊഴിലാളികള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് പരിസരത്ത് വെച്ചായിരുന്നു ഇത്. പൊലീസ് അടിച്ചമര്‍ത്തലില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സമരക്കാരെ പൊലീസ് അടിച്ചോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നേരത്തെ പ്രഖ്യാപിച്ച ശേഷമാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയതെന്നും പ്രതിഷേധത്തിന് നേരെ പൊലീസ് അനാവശ്യമായി ലാത്തി പ്രയോഗിക്കുകയായിരുന്നു എന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
സമരവും ആം ആദ്മി സര്‍ക്കാരും
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിപ്പോള്‍. തിരിച്ചെത്തിയ ശേഷം സമരക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ എ.എ.പി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നേരത്തെ തങ്ങളുമായി മീറ്റിങ് നടത്താന്‍ തയ്യാറായ മുഖ്യമന്ത്രി പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നാണ് സമീന്‍ പ്രാപ്തി സംഘര്‍ഷ് കമ്മിറ്റി പ്രസിഡന്റ് മുകേഷ് മലൗദ് മാധ്യമങ്ങളുടെ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ സമരത്തിന്റെയും സമരത്തോടുള്ള ആം ആദ്മി സര്‍ക്കാരിന്റെയും നീക്കങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
Content Highlight: Farmers workers and Trade Union protest in Punjab