ഭീരുക്കളായ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്: കര്‍ണാടക കൃഷി മന്ത്രി
national news
ഭീരുക്കളായ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്: കര്‍ണാടക കൃഷി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 6:38 pm

ബെംഗളൂരു: കര്‍ഷകര്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍. ഭീരുക്കളായ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പാട്ടീല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഒരാഴ്ചയോളമായി ദല്‍ഹിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെയാണ് പാട്ടീലിന്റെ അധിക്ഷേപകരമായ പരാമര്‍ശം.

‘സ്വന്തം ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മള്‍ വെള്ളത്തില്‍ വീണാല്‍ നീന്തിക്കയറുകയല്ലേ ചെയ്യുക’, മന്ത്രി ചോദിച്ചു.

കൃഷി ലാഭകരമായ ബിസിനസാണെന്നും എന്നാല്‍ ചില ഭീരുക്കള്‍ അത് തിരിച്ചറിയാതെ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ഷക സമൂഹത്തെ നിന്ദിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ പറഞ്ഞു.

നിരുപാധികം മാപ്പ് പറയാന്‍ പാട്ടീല്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കര്‍ഷകനും ജീവിതം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കില്ല. പ്രളയം, വരള്‍ച്ച തുടങ്ങി ഒരുപാട് തിരിച്ചടികള്‍ കര്‍ഷകര്‍ നേരിടുന്നുണ്ട്’, ഉഗ്രപ്പ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Who Commit Suicide Are Cowards: K’taka Agriculture Minister Amid Protests in North India