| Tuesday, 23rd July 2024, 9:41 am

ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന കോലം കത്തിക്കും, ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം ട്രാക്ടർ മാർച്ച് നടത്തും: കർഷക സംഘടനകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആഗസ്റ്റ് ഒന്നിന് ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന കോലം കത്തിക്കുകയും ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം ട്രാക്ടർ മാർച്ച് നടത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും (നോൺ-പൊളിറ്റിക്കൽ) കിസാൻ മസ്ദൂർ മോർച്ച എന്നീ കർഷക സംഘടനകളാണ് മാർച്ച് നടത്തുക.

വിളകൾക്കുള്ള മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കുക, കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച്.

ദൽഹിയിലേക്കുള്ള കർഷക മാർച്ച് ഓഗസ്റ്റ് 31ന് 200 ദിവസം തികയുമെന്ന് കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) നേതാവ് സർവൻ സിങ് പന്ദർ പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു എന്നിവിടങ്ങളിൽ ഒത്തുകൂടാൻ പന്ദർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

എം.എസ്.പിക്ക് നിയമപരമായ ഗ്യാരണ്ടി ഞങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ചെവികൊള്ളുന്നില്ല. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഞങ്ങൾ സമരം നയിക്കും. ഓഗസ്റ്റ് 1 ന് കർഷകർ രാജ്യത്തുടനീളമുള്ള ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ച് ചെയ്യുകയും ഭരണകക്ഷിയായ ബി.ജെ.പിയുടെ കോലം കത്തിക്കുകയും ചെയ്യും,’ കർഷക യൂണിയനുകൾ പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള കർഷകർ എസ്‌.കെ.എമ്മിൻ്റെയും കെ.എം.എമ്മിൻ്റെയും നേതൃത്വത്തിൽ ഫെബ്രുവരി 13-ന് വിളകൾക്ക് എം.എസ്‌.പി നൽകണമെന്ന് ആവശ്യപ്പെട്ട് ദൽഹിയിലേക്ക് ‘ദൽഹി ചലോ’ മാർച്ച് ആരംഭിച്ചെങ്കിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഹരിയാന പൊലീസ് തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുമായി കർഷകർ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് കർഷകർ ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.

പത്രസമ്മേളനത്തിന് ശേഷം 11 എം.പിമാർ കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശിരോമണി അകാലിദളിൻ്റെ ഹർസിമ്രത് കൗർ ബാദൽ, കോൺഗ്രസിൻ്റെ അമരീന്ദർ സിങ്, സുഖ്ജീന്ദർ സിങ് രൺധാവ, എ.എ.പിയുടെ മൽവിന്ദർ സിങ് കാങ് എന്നിവരും കർഷകരുമായി കൂടിക്കാഴ്ച നടത്തിയ എം.പിമാരിൽ ഉൾപ്പെടുന്നു.

Content Highlight: Farmers’ unions call to burn BJP effigies on 1 Aug, tractor marches on 15 Aug

We use cookies to give you the best possible experience. Learn more