| Tuesday, 26th January 2021, 8:08 am

അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുടെ പ്രവാഹം; ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തുമെന്ന് കര്‍ഷകര്‍; റിപ്പബ്ലിക്ക് ദിനത്തില്‍ ദല്‍ഹിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കി റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കായി ദല്‍ഹി അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുടെ പ്രവാഹം.

രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുന്നതോടെയാണ് ട്രാക്ടര്‍ റാലി അതിര്‍ത്തികളില്‍ ആരംഭിക്കുക.

100 കിലോമീറ്റര്‍ ദൂരത്തില്‍ ദല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് റാലി തുടങ്ങുക. റാലിക്കായി തിങ്കളാഴ്ച രാത്രിമുതല്‍ തന്നെ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമായിരിക്കും ഉപയോഗിക്കുക. ദല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.

കര്‍ഷകര്‍ക്ക് ദല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ട് കര്‍ഷകര്‍ക്ക്.

രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളടങ്ങിയ നിര്‍ദേശങ്ങള്‍ ദല്‍ഹി പൊലീസ് കര്‍ഷക സംഘടന പ്രതിനിധികള്‍ക്ക് കൈമാറിയിരുന്നു.

അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.

ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ 11ാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers’ tractor rally in Delhi on Republic Day  Flow of tractors to the border; Farmers to deploy one lakh tractors

We use cookies to give you the best possible experience. Learn more