ന്യൂദല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദല്‍ഹിയില്‍ പ്രവേശിച്ചതിന് പിന്നാലെ മാര്‍ച്ച് കൂടുതല്‍ സംഘര്‍ഷഭരിതമായി. പലയിടങ്ങളിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി. കല്ലേറും നടന്നു.
കര്‍ഷകര്‍ക്ക് നേരെ വിവിധയിടങ്ങളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടന്നു. ചിലയിടങ്ങളില്‍ പൊലീസ് ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിട്ടു.
അതേസമയം റാലി തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും ബസുകളും പൊലീസിന്റെ വാഹനങ്ങളും കര്‍ഷകര്‍ തള്ളി നീക്കുകയോ തകര്‍ക്കുകയോ ചെയ്തു. പൊലീസ് വാഹനങ്ങളുടെ മുകളില്‍ കയറിയും കര്‍ഷകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു.
അനുവാദം നല്‍കിയിരുന്ന വഴികളിലൂടെ റാലിയുമായി മുന്നോട്ടുനീങ്ങാന്‍ പൊലീസ് സമ്മതിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പ്രതികരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തുന്നത്. ആയിരക്കണക്കിന് ട്രാക്ടറുകള്‍ ഇപ്പോള്‍ തന്നെ പരേഡിന്റെ ഭാഗമായി അണിനിരന്നു കഴിഞ്ഞു.
5000 ട്രാക്ടറുകള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ പ്രതിഷേധ റാലിക്കെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘടനകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ റാലിക്കെത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ട്രാക്ടര്‍ റാലി എത്ര ദൂരം മുന്നോട്ടുപോകുമെന്നതിനെ കുറിച്ചും സമയത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.
ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ പതിനൊന്നാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക