ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരമിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റിനകത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയക്കുമെന്നും കര്‍ഷക പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ജൂലൈ 17ന് പാര്‍ലമെന്റിന്റെ അകത്ത് പ്രതിപക്ഷ എം.പിമാരും പ്രതിഷേധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും. ഞങ്ങള്‍ പാര്‍ലമെന്റിന് പുറത്തും സമരമിരിക്കും.
സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് വരെ പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കാന്‍ സമ്മതിക്കരുത്. കേന്ദ്രസര്‍ക്കാരിന് ഗുണമാവുന്നത് പോലെ ഇറങ്ങി പോരുകയും ചെയ്യരുത്,’ കര്‍ഷക നേതാവ് ഗുര്‍ണം സിംഗ് ചാരുണി പറഞ്ഞു.