രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍
national news
രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 6:04 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികള്‍ക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഭാരവാഹി അറിയിച്ചു.

 

ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വസതികള്‍ക്ക് പുറത്തായിരിക്കും കര്‍ഷകര്‍ പ്രതിഷേധം നടത്തുക.

കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ നിയമത്തിന്റെ പകര്‍പ്പുകള്‍ രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വസതിക്ക് പുറത്ത് കത്തിക്കുമെന്ന് ബി.കെ.യു നേതാവ് ധര്‍മേന്ദ്ര മാലിക് പറഞ്ഞു.

ബി.ജെ.പിക്ക് എം.പിയോ എം.എല്‍.എയോ ഇല്ലാത്ത സ്ഥലങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് പ്രതിഷേധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇത് ഇരുപക്ഷത്തിനിടയിലും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക യൂണിയനുകള്‍ തയ്യാറായിരുന്നില്ല.
പിന്നീട് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും നിയമം നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും കോടതി നിയമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Farmers to protest outside houses of BJP lawmakers across India on June 5