അഗ്നിപഥിനെതിരെ പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍
national news
അഗ്നിപഥിനെതിരെ പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 9:00 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ആഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരാഴ്ച നീളും. വിവിധ സംഘടനകള്‍ ചേര്‍ന്നായിരിക്കും പ്രതിഷേധം നടത്തുക.

അഗ്നിപഥ് വഴി സേനയിലേക്ക് റിക്രൂട്ടമെന്റ് നടക്കുന്നതോടെ സേന ദുര്‍ബലപ്പെടുമെന്നും തങ്ങളുടെ മക്കളെ രാഷ്ട്രസേവനത്തിനയക്കുന്ന കര്‍ഷക മാതാപിതാക്കള്‍ക്ക് പദ്ധതി തിരിച്ചടിയാണെന്നും രാകേഷ് ടികായത്ത് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമുള്ള പോരാട്ടം തുടങ്ങാന്‍ പോകുന്നതേയുള്ളൂവെന്ന് ടികായത്ത് പറഞ്ഞിരുന്നു.

ചടങ്ങില്‍ ബി.ജെ.പിയേയും ടികായത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ ബി.ജെ.പിക്കാര്‍ക്ക് എതിരെയുള്ള കേസുകള്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘യു.പിയില്‍ എന്നാണോ ബി.ജെ.പി ഒരു സര്‍ക്കാര്‍ രൂപീകരിച്ചത് അന്ന് മുതല്‍ ബി.ജെ.പിക്കാര്‍ക്ക് നേരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ കുറഞ്ഞു. ഒന്നുകില്‍ ബി.ജെ.പിക്കാര്‍ കേസുകള്‍ വാരിക്കൂട്ടാന്‍ തയ്യാറാകുക. അതല്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു നീക്കത്തിന് തയ്യാറാണ്,’ ടികായത്തിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിക്ക് രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍ക്കാരുകളേയും തകര്‍ക്കാന്‍ കഴിഞ്ഞേക്കാം പക്ഷേ ഒരിക്കലും കര്‍ഷകരെ ഇല്ലാതാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പതിനേഴര മുതല്‍ 21വരെ പ്രായത്തിലുള്ളവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയുടെ പ്രായത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ 23 വയസ് വരെ പ്രായപരിധി ഉയര്‍ത്തിയിരുന്നു. നാലു വര്‍ഷത്തേക്കായിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ നിന്നും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 25 ശതമാനം പേരെ സ്ഥിരം നിയമിക്കുകയും മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്യും. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.

ഇതോടെ അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര പൊലീസ് സേനയില്‍ 10 ശതമാനം സംവരണത്തോടൊപ്പം, അസം റൈഫീള്‍സിലും 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.

അതേസമയം അഗ്നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം. യുവാക്കള്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

അഗ്നിപഥ് സ്വകാര്യ സേനകള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നെങ്കിലും കേന്ദ്രം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയിരുന്നു. അഗ്‌നിപഥ് പദ്ധതിക്കെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേജര്‍ രവി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഒരാളെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ കുറഞ്ഞത് അഞ്ച്, ആറ് വര്‍ഷം വേണ്ടിവരുമെന്നും ഇതെന്തോ പിക്‌നിക്കിന് വന്നപോലെ വന്നിട്ട് പോകുന്നുവെന്നും മേജര്‍ രവി കുറ്റപ്പെടുത്തി. ഒരു യുദ്ധം വന്നാല്‍ ഇത്തരത്തില്‍ റിക്രൂട്‌മെന്റ് ചെയ്തവരെകൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്നും ഇവര്‍ക്ക് യുദ്ധം അഭിമുഖീകരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഇതിനെയെല്ലാം മാറ്റിനിര്‍ത്തി പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടമെന്റ് ആരംഭിച്ചിരുന്നു.

Content Highlight: Farmers to protest against agneepath scheme by central government