2020 ലെ കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ചിന്റെ വാര്‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് (എസ്.കെ.എം) സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വായ്പ എഴുതി തള്ളുക, ഉത്തര്‍പ്രദേശിലെ ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തിന് കാരണക്കാരനായ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും. കര്‍ഷകസമരത്തിന്റെ അടുത്ത ഘട്ടത്തിന്റെ ആരംഭമെന്നോണമാണ് നവംബര്‍ 26 മുതല്‍ തുടങ്ങുന്ന രാജ്യവ്യാപക സമരത്തെ കര്‍ഷകര്‍ കാണുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
വിളകളുടെ മിനിമം താങ്ങുവിലയില്‍ (എം.എസ്.പി) ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ അത് നടപ്പാക്കിയില്ലെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയത്.
കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി 2021 നവംബര്‍ 19ന് കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു.