ആര്‍.സി.ഇ.പിക്കെതിരെ ഇന്നുമുതല്‍ കേരളത്തില്‍ കര്‍ഷക പ്രതിഷേധം; തുടക്കം വയനാട്ടില്‍ നിന്ന്
Kerala News
ആര്‍.സി.ഇ.പിക്കെതിരെ ഇന്നുമുതല്‍ കേരളത്തില്‍ കര്‍ഷക പ്രതിഷേധം; തുടക്കം വയനാട്ടില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 8:36 am

കല്‍പ്പറ്റ: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ പ്രതിഷേധമാരംഭിക്കും. കാര്‍ഷിക പുരോഗമന സമിതിയുടെ (കെ.പി.എസ്) കീഴിലായി സ്വതന്ത്ര കര്‍ഷക സംഘടനകളാണു പ്രതിഷേധം നടത്തുന്നത്.

ആര്‍.സി.ഇ.പി കര്‍ഷകര്‍ക്കു തിരിച്ചടിയാകുമെന്നും ഉപജീവന മാര്‍ഗത്തെയും ചെറുകിട വ്യവസായത്തെയും തകര്‍ക്കുമെന്നും കെ.പി.എസ് ചെയര്‍മാന്‍ പി.എം ജോയ് പറഞ്ഞു.

തങ്ങളുടെ ഉത്പാദനത്തിനു കര്‍ഷകര്‍ക്കു കുറഞ്ഞ വില ലഭിക്കുന്ന സാഹചര്യത്തില്‍ ആര്‍.സി.ഇ.പി വന്നാല്‍, വിലകുറഞ്ഞ ഉത്പന്നങ്ങള്‍ വിപണി കീഴടക്കുക കൂടി ചെയ്യും. അതു വില വീണ്ടും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആസിയാന്‍ കരാറിന്റെ വരവോടെ കുരുമുളക്, അടയ്ക്ക, റബ്ബര്‍ എന്നിവ ഭീഷണി നേരിടുകയാണെന്നും ആര്‍.സി.ഇ.പി രാജ്യത്തെ കര്‍ഷകരുടെ ദുരിതം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ നാലു കോടി കര്‍ഷക കുടുംബങ്ങള്‍ പാലുത്പാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആര്‍.സി.ഇ.പിക്കു ശേഷം പാലിന്റെ വില വീണ്ടും കുറയും. അവര്‍ക്കു നഷ്ടം സംഭവിക്കുകയും ചെയ്യും.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ കെ.പി.എസ് റാലിയും കര്‍ഷക സംഗമവും നടത്തും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് (ആര്‍.കെ.എം) ജനറല്‍ കണ്‍വീനര്‍ ശിവ്കുമാര്‍ കക്കാജി കോട്ടക്കുന്നില്‍ നടക്കുന്ന റാലി ഇന്നുച്ചയ്ക്കു ശേഷം രണ്ടുമണിക്ക് ഉദ്ഘാടനം ചെയ്യും.

35 സ്വതന്ത്ര കര്‍ഷക സംഘടനകളാണ് കെ.പി.എസിനു കീഴില്‍ അണിനിരക്കുന്നത്. ആര്‍.കെ.എം, കിസാന്‍ മിത്ര, ഹരിത സേന, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ഇന്‍ഫാം തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.