| Wednesday, 10th February 2021, 10:44 pm

ഫെബ്രുവരി 18 ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കാന്‍ കര്‍ഷകര്‍. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരം. നേരത്തെ 40 ലക്ഷം ട്രാക്ടറുകളുടെ റാലി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.

‘ഒക്ടോബര്‍ രണ്ട് വരെ കര്‍ഷകസമരം തുടരും. അതിനര്‍ത്ഥം അതിന് ശേഷം സമരം പിന്‍വലിക്കുമെന്നല്ല. പിന്നീട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ സമരങ്ങളില്‍ തുടരും’, രാകേഷ് ടികായത് പറഞ്ഞു.

നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകളുടെ റാലിയ്ക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജ്യമെമ്പാടും സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചത്. നേരത്തെ കര്‍ഷക സമരത്തെ ഇളക്കി വിട്ടത് സമരജീവികളാണെന്ന് മോദി പറഞ്ഞിരുന്നു.

ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ദല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

പ്രശ്ന പരിഹാരത്തിനായി ഇതുവരെ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം ഫലംകാണാതെ പരാജയപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers to intensify protest, ‘Rail Roko’ on February 18 for 4 hours

We use cookies to give you the best possible experience. Learn more