| Thursday, 10th December 2020, 8:07 pm

പുതിയ സമരമുറയിലേക്ക് കര്‍ഷകര്‍; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും; സമരം കടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. നിയമം പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത് തന്നെ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

‘ഡിസംബര്‍ പത്ത് വരെ സമയം നല്‍കിയിരുന്നു. ഞങ്ങളെ കേള്‍ക്കാനും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും പ്രധാനമന്ത്രി തയ്യാറാവുന്നില്ലാ എങ്കില്‍ ഞങ്ങള്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. ഇന്ത്യയിലെ എല്ലാ ജനങ്ങളും റെയില്‍വേ ട്രാക്കുകളിലേക്കിറങ്ങും,’ കര്‍ഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു.

ഇന്ന് സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കര്‍ഷകര്‍.

നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്ക് വേണ്ടിയല്ല കച്ചവടക്കാര്‍ക്ക് വേണ്ടിയാണെന്ന കാര്യം കേന്ദ്രം സമ്മതിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബിര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്രം.

കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്ന് പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചര്‍ച്ചയ്‌ക്കെടുക്കാമെന്നാണ് തോമര്‍ പറഞ്ഞിരിക്കുന്നത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊണ്ടാണ് കര്‍ഷകരോട് ആലോചിക്കാത്തതെന്ന് തങ്ങള്‍ അമിത് ഷായോട് ചോദിച്ചപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്ന് കര്‍ഷക സംഘ നേതാവ് ശിവ് കുമാര്‍ കാക്ക പറഞ്ഞിരുന്നു.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.

ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.

ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers to block railway tracks as next level protest against centre

We use cookies to give you the best possible experience. Learn more