| Friday, 27th November 2020, 8:25 am

'ജയിക്കാനുറച്ചാണ് ഈ യാത്ര'; കനത്ത പൊലീസ് കാവലിനിടയിലും 'ദല്‍ഹി ചലോ' പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് തലസ്ഥാനത്തേക്കുള്ള യാത്ര പുനരാരംഭിക്കും. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ട്രാക്ടറുകളിലും ട്രോളികളിലും ഉള്‍പ്രദേശങ്ങളിലുള്ള കര്‍ഷക സ്ത്രീകളെയും കുട്ടികളെയും കൂടി അതിര്‍ത്തിയില്‍ എത്തിക്കുന്നതോടെ കര്‍ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുകയെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ ഭക്ഷണ സാധനങ്ങളും ടാങ്കറുകളില്‍ വെള്ളവുമൊക്കെയായാണ് സമരത്തിനെത്തിയത്. സമരം മൂന്ന് മാസം വരെ തുടര്‍ന്നാലും അതിനെ നേരിടാനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ കൈവശം വെച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

അതേസമയം ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരനെ നേരിടാന്‍ കനത്ത പൊലീസ് ഫോഴ്‌സിനെയാണ് വിന്യസിച്ചിരിക്കുന്നത്.

ഉത്തര്‍ പ്രദേശ്-ദല്‍ഹി അതിര്‍ത്തിയായ എന്‍.എച്ച് 24, ഡി.എന്‍.ഡി, ദല്‍ഹി അതിര്‍ത്തിപ്രദേശമായ ചില്ലാ ബോര്‍ഡര്‍, ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗു ബോര്‍ഡര്‍, ദല്‍ഹി-ഗുരുഗ്രാം ബോര്‍ഡര്‍ തുടങ്ങി എല്ലാ പ്രദേശങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേടുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീണ്ടും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers to begin Delhi Chalo march today amid strong police force

We use cookies to give you the best possible experience. Learn more