തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും; ലഖിംപുര്‍ ഖേരി കേസിൽ കുറ്റാരോപിതനായ അജയ് മിശ്രയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കേന്ദ്രത്തിനെതിരെ കര്‍ഷകര്‍
India
തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും; ലഖിംപുര്‍ ഖേരി കേസിൽ കുറ്റാരോപിതനായ അജയ് മിശ്രയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കേന്ദ്രത്തിനെതിരെ കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 3:27 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നിന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ അതൃപ്തിയറിയിച്ച് കര്‍ഷകര്‍. തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ ഗൗരവമായി പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ലഖിംപുര്‍ ഖേരി കേസില്‍ നീതി ലഭിക്കണമെന്നത് കര്‍ഷക സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ അജയ് മിശ്രയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുക വഴി ആവശ്യം കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞെന്നും കര്‍ഷകര്‍ ആരോപിച്ചു.

അജയ് മിശ്രയെ വീണ്ടും മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം വഴി തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ലെന്ന് വേണം കരുതാനെന്ന് കര്‍ഷക നേതാവ് സര്‍വന്‍ പറഞ്ഞു. അജയ് മിശ്രക്കെതിരെ കേസെടുത്ത് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കുന്നില്ല. ചര്‍ച്ചക്ക് തയ്യാറാണെന്ന് പറഞ്ഞ് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’,സര്‍വന്‍ പറഞ്ഞു.

പഞ്ചാബ് അതിര്‍ത്തിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചണ്ഡീഗഡില്‍ കര്‍ഷകരുമായി നാല് തവണ ചര്‍ച്ച നടത്തിയ ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും അതിന് നേരെ വിപരീതമായാണ് സർക്കാർ പ്രവര്‍ത്തിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.

ശനിയാഴ്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തുടനീളം കര്‍ഷകരിൽ നിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം ഇരട്ടത്താപ്പാണെന്നും അത് ഇനി അനുവദിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

2021 ഒക്ടോബര്‍ മൂന്നിന് നടന്ന കര്‍ഷക സമരത്തിനിടെ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വണ്ടിയിടിച്ച് എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 സെപ്റ്റംബര്‍ 25ന് കര്‍ഷക നേതാക്കളെ പാഠം പഠിപ്പിക്കാന്‍ തനിക്ക് രണ്ട് മിനിറ്റ് മതിയെന്ന് അജയ് മിശ്ര പറഞ്ഞിരുന്നു. കര്‍ഷകര്‍ തനിക്കെതിരെ കരിങ്കൊടി കാണിച്ചതിനെതിരെ ആയിരുന്നു അജയ് മിശ്രയുടെ പ്രതികരണം.

Contant highlight: Farmers take on BJP for fielding Ajay Mishra again from Lakhimpur Kheri