മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യുവാത്മാല്‍ ജില്ലയിലെ ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ എന്ന 55 കാരനാണ് ജീവനൊടുക്കിയത്. തന്റെ മരണത്തിനു മോദി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ശങ്കറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
“കടഭാരം കുന്നുകൂടിയിരിക്കുകയാണ്. വായ്പയെടുത്ത തുക വളരെ കൂടുതലാണ്. അതിനാലാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്. മോദി സര്‍ക്കാരാണ് ഇതിനുത്തരവാദി.”
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച ആത്മഹത്യാ കുറിപ്പിലാണ് മോദിയെ ശങ്കര്‍ ബാബു കുറ്റപ്പെടുത്തിയത്. ആദ്യം തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇദ്ദേഹം കീടനാശിനി കഴിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയായിരുന്നു ശങ്കറിന്റെ കടം. കര്‍ഷകന്റെ ആത്മഹത്യയ്ക്കു കാരണം മോദിയാണെന്നാരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിട്ടുതരില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
ശങ്കറിന്റെ മരണത്തിനു കാരണം മോദിയാണെന്നും മോദിക്കെതിരെ കേസെടുക്കണമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. മോദിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഗ്രാമവാസിയും പൊതുപ്രവര്‍ത്തകനുമായ ദേവാനന്ദ് പവാര്‍ പറഞ്ഞു.
Watch This Video: