ഗാസിയാബാദ്: ദല്‍ഹിയിലെ വായുമലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടികായത്തിന്റെ പ്രസ്താവന.
ദല്‍ഹിയിലെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം മൂലമാണെന്ന് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രിക്കുന്നവര്‍ കര്‍ഷകരോട് മാപ്പ് പറയണമെന്നും ടികായത് ആവശ്യപ്പെട്ടു.
‘ദല്‍ഹിയിലെ വായു മലിനമായതിന് കര്‍ഷകരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവര്‍ പരസ്യമായി മാപ്പു പറയണം. തലസ്ഥാനം മലിനമായത് തങ്ങള്‍ കാരണമല്ലെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള മലിനീകരണത്തിന്റെ 10 ശതമാനം മാത്രമാണ് കര്‍ഷകര്‍ കുറ്റിക്കാടുകള്‍ കത്തിക്കുന്നത് മൂലം ഉണ്ടായിട്ടുള്ളതെന്നും, അത് 2 മാസം മുന്‍പ് മാത്രമാണ് ആരംഭിച്ചിട്ടുള്ളത് എന്നുമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്,’ ടികായത് പറയുന്നു.
ദല്‍ഹി കര്‍ഷകസമരത്തിന്റെ മുഖമാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ രാകേഷ് ടികായത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമാണ് ഭാരതീയ കിസാന്‍ യൂണിയന്‍. വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട 2020 നവംബര്‍ മുതല്‍ ഇവര്‍ രാജ്യതലസ്ഥാനത്ത് സമരത്തിലാണ്.
മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ദല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 531 ആണ്. ഗുരുതരമായ മലിനീകരണ തോത് ആണ് ഇത് സൂചിപ്പിക്കുന്നത്.
വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കില്‍ ഇതിലും മോശമാണ് ദല്‍ഹിയിലെ മലിനീകരണതോത്. 999 ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലും ദീപാവലി ദിനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലക്ക് മറികടന്ന് ആളുകള്‍ പടക്കം പൊട്ടിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ മുന്‍കൈയെടുത്താണ് ആളുകളെ പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന വിമര്‍ശനവുമായി ദല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി രംഗത്ത് വന്നിരുന്നു.