ന്യൂദല്‍ഹി: 2021 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുന്നതിനെതിരെ വിമര്‍ശനവുമായി കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
‘ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുകയാണ്. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ ഈ സന്ദര്‍ശനം ഞങ്ങള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് കത്തയക്കും’, പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവായ കുല്‍വന്ദ് സിംഗ് സന്ദു പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 27 ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, കര്‍ഷക പ്രതിഷേധം 27-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.
ഡിസംബര്‍ 20 നാണ് നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.
എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക