ന്യൂദല്‍ഹി: കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചവര്‍ കൃഷിക്കാരല്ലെന്ന് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. അവര്‍ക്ക് കൃഷിയുമായി യാതൊരു ബന്ധവുമില്ലെന്നും അവരെ ഉത്തരാഖണ്ഡില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് കൊണ്ടു വന്നതാണെന്നും കര്‍ഷകര്‍ പറഞ്ഞു.
‘ഇന്ന് കേന്ദ്ര കാര്‍ഷിക മന്ത്രിയുമായി ചര്‍ച്ച ചെയ്തവരില്‍ 90 പേര്‍ക്കും കൃഷിയുമായി യാതൊരു ബന്ധവുമില്ല. യോഗത്തില്‍ പങ്കെടുത്ത ബാക്കി പത്ത് കൃഷിക്കാര്‍ക്ക് മറ്റു ബിസിനസുകള്‍ കൂടിയുണ്ട്. അവരെ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവ് കൊണ്ട് വന്നതാണ്,’ കര്‍ഷക നേതാവ് ജസ്ബിര്‍ സിംഗ് പറഞ്ഞു.
ഉത്തരാഖണ്ഡില്‍ നിന്നുമുള്ള കര്‍ഷകര്‍ തന്നെ വന്ന് കണ്ടതായും അവര്‍ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതായും കേന്ദ്ര മന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കൃത്യമായി മനസിലാക്കിയ ആ കര്‍ഷകരോട് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു എന്നുമായിരുന്നു നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞത്.
അതേസമയം കര്‍ഷകര്‍ക്കാവശ്യമില്ലാത്ത ഒരു സമ്മാനമാണ് പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. കര്‍ഷകരുമായി കേന്ദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ധാരണ വളരെ വിചിത്രമായ ഒന്നാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
നേരത്തെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.
കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ഗുര്‍ജീത് ഓജ്‌ല, ജസ്ബീര്‍ ഗില്‍ എന്നിവര്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ ജന്തര്‍ മന്തറിലെത്തി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.
കര്‍ഷക യൂണിയനുകളുമായി സംസാരിച്ച് പ്രശ്‌നപരിഹാരം കാണണമെന്നും നവംബര്‍ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം നടത്തണമെന്നുമാണ് ധര്‍ണയില്‍ ഇരിക്കുന്ന തന്റെ സുഹൃത്തുക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് തരൂര്‍ പറഞ്ഞു.
അതേസമയം, കര്‍ഷക സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.
കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക