കേന്ദ്രത്തിന്റെ താങ്ങുവില തന്ത്രവും പൊളിഞ്ഞു, കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍
farmers march
കേന്ദ്രത്തിന്റെ താങ്ങുവില തന്ത്രവും പൊളിഞ്ഞു, കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 1:47 pm

ന്യൂദല്‍ഹി: താങ്ങുവില സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ കൊണ്ട് മാത്രം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കര്‍ഷകര്‍. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചക്ക് എത്തിച്ചേര്‍ന്ന കര്‍ഷക സംഘടനയുടെ നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സമരത്തിന്റെ ഇനിയുള്ള ദിവസങ്ങളെക്കുറിച്ച് ഉറപ്പിച്ചു പറഞ്ഞത്.

‘മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഞങ്ങള്‍ ഇവിടെ നിന്നും പിരിഞ്ഞു പോകില്ല. താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍ ഉത്തരവാക്കിയതു കൊണ്ടു മാത്രം കാര്യമില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ വീണ്ടും അവതരിപ്പിക്കും.’ കര്‍ഷകര്‍ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡിലും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് കര്‍ഷക നേതാവായ രാകേഷ് ടികത് പറഞ്ഞു.

നേരത്തെ താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും അവ ഉത്തരവായി തന്നെ ഇറക്കാനും സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതോടെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ചര്‍ച്ചക്ക് മുന്‍പേ തന്നെ കേന്ദ്രത്തിന്റെ ഈ നീക്കത്തെ തള്ളിയിരിക്കുകയാണ് കര്‍ഷകര്‍.

ഇത് നാലാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഈ ചര്‍ച്ച സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല.

എന്നാല്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറുകയായിരുന്നു. ഇപ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കര്‍ഷകരുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Farmers says  legalizing MSP will not solve the problem and will continue the strike until the farmers law repealed