ന്യൂദൽഹി: കർഷക പ്രതിഷേധ കൂട്ടായ്മ ഞായറാഴ്ച ‘ദൽഹി ചലോ’ മാർച്ച് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ദൽഹി പൊലീസ് ശംഭു അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
എ.എൻ.ഐയോട് സംസാരിച്ച കർഷക പ്രതിനിധി സർവാൻ സിങ് പന്ദർ ശംഭു അതിർത്തിയിൽ അനുഭവിച്ച ക്രൂരതയെ അപലപിച്ചു. അതേസമയം തങ്ങൾ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
‘എന്തുകൊണ്ടാണ് കർഷകരെ ക്രൂരമായി പീഡിപ്പിക്കുന്നത്? സ്ഥിതിഗതികൾ മുഴുവൻ മനസ്സിലാക്കി നാളെ ഉച്ചയ്ക്ക് 101 പേരടങ്ങുന്ന സംഘം ഡൽഹിയിലേക്ക് പുറപ്പെടും. ഞങ്ങളുടെ നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഞങ്ങളുടെ സംഘം സമാധാനപരമായി പോയി ഉറപ്പ് വരുത്തും. ഒരു നിയന്ത്രണവും ലംഘിക്കപ്പെടുന്നില്ല,’ അദ്ദേഹം പറഞ്ഞു.
കിസാൻ മസ്ദൂർ മോർച്ചയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും പ്രതിഷേധം 300-ാം ദിവസത്തിലെത്തിയിട്ടും കേന്ദ്രസർക്കാർ വഴങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കിസാൻ മസ്ദൂർ മോർച്ചയുടെയും സംയുക്ത കിസാൻ മോർച്ചയുടെയും പ്രതിഷേധം 300-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോഴും അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഞങ്ങൾ നടത്തിയ മറ്റൊരു വലിയ പ്രഖ്യാപനം പഞ്ചാബിലെ ബി.ജെ.പി നേതാക്കളുടെ പ്രവേശനത്തെ എതിർക്കുമെന്നായിരുന്നു,’ അദ്ദേഹം പറഞ്ഞു.
നിരവധി ആവശ്യങ്ങളുന്നയിച്ച് നൂറിലധികം കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷം ബാധിച്ചവര്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Content Highlight: Farmers resume ‘Delhi Chalo’ protest, police tightens security at Shambu border