ന്യൂദല്‍ഹി: മൂന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രതികരിച്ച് കര്‍ഷക സംഘടനകള്‍. ഉപാധികളോടെ ചര്‍ച്ചയാവാമെന്ന അമിത് ഷായുടെ നയം ശരിയല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് പ്രസിഡന്റ് ജഗജിത് സിംഗ് പറഞ്ഞു.
ഉപാധികളോടെ ചര്‍ച്ചയാവാമെന്ന അമിത് ഷായുടെ നയം ശരിയല്ല. തുറന്ന മനസ്സോടെയാണ് ചര്‍ച്ചയ്ക്ക് വിളിക്കേണ്ടത്. ഞായറാഴ്ച രാവിലെ ഞങ്ങള്‍ ഒരു യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം തീരുമാനം അറിയിക്കും, ജഗജിത് സിംഗ് പറഞ്ഞു.
നേരത്തെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. കര്‍ഷകരെ ഡിസംബര്‍ മൂന്നിന് കൃഷിമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഈ തണുപ്പിലും നിരവധി കര്‍ഷകര്‍ ട്രാക്ടറിലും ട്രോളികളിലും താമസിക്കുകയാണ്’, അമിത് ഷാ പറഞ്ഞു.
ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ കര്‍ഷകര്‍ തങ്ങള്‍ പറയുന്ന സ്ഥലത്തേക്ക് മാറണം. തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ നിങ്ങളുടെ ആശങ്കകള്‍ പരിഗണിക്കും’, അമിത് ഷാ പറഞ്ഞു.
അതേസമയം കര്‍ഷക പ്രക്ഷോഭം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകപ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദല്‍ഹിയില്‍ നിന്ന് പാനിപ്പത്തിലേക്ക് യാത്ര ചെയ്ത് നോക്കൂ. എത്ര കര്‍ഷകരാണ് പ്രതിഷേധത്തില്‍ ഭാഗമായിരിക്കുന്നതെന്ന് മനസിലാകും’, യോഗേന്ദ്ര യാദവ് പറഞ്ഞു
ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ദല്‍ഹി ചലോ മാര്‍ച്ചിന് ദല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേരാണ് ഇപ്പോഴും അതിര്‍ത്തികളില്‍ തുടരുന്നത്.
ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ കനത്ത പൊലീസ് കാവലാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് രാജ്യ തലസ്ഥാനത്ത് തുടരമാമെന്നും ബുരാരിയിലെ നിരാങ്കരി ഗ്രൗണ്ടില്‍ പ്രതിഷേധിക്കാമെന്നുമാണ് ദല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
പൊലീസ് അനുമതിയെ തുടര്‍ന്ന് ഒരു വിഭാഗം കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടന്നിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലോ രാംലീല മൈതാനയിലോ സമരം ചെയ്യാന് ഇടം നല്‍കണമെന്ന ഉറച്ച നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകരും അതിര്‍ത്തിയില്‍ തുടരുന്നത്. പൊലീസില്‍ ഒരു തരത്തിലും വിശ്വാസമില്ലെന്നാണ് സിംഗു അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; farmers response on amith sha’s demands