ജീവിതത്തില്‍ ഇന്നേ വരെ ഒരു സമരത്തിലെങ്കിലും പങ്കെടുത്തിട്ടുണ്ടോ?; മോദിയോട് കര്‍ഷകര്‍
farmers protest
ജീവിതത്തില്‍ ഇന്നേ വരെ ഒരു സമരത്തിലെങ്കിലും പങ്കെടുത്തിട്ടുണ്ടോ?; മോദിയോട് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th February 2021, 8:01 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ജീവിതത്തില്‍ ഇന്നേവരെ ഒരു സമരത്തിന്റെ പോലും ഭാഗമാകാത്തയാളാണ് മോദിയെന്ന് ടികായത് പറഞ്ഞു.

ഹരിയാനയിലെ പെഹോവയിലെ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തില്‍ ഇന്നേവരെ ഒരു സമരത്തിലും മോദി പങ്കെടുത്തിട്ടില്ല. അതിന് പകരം അദ്ദേഹം രാജ്യത്തെ വെട്ടിമുറിക്കാന്‍ നടക്കുകയായിരുന്നു. സമരജീവികളെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം?’, ടികായത് ചോദിച്ചു.

ഭഗത് സിംഗ്, എന്തിനേറെ പറയുന്നു എല്‍.കെ അദ്വാനി വരെ സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്-ടികായത് പറഞ്ഞു.

നേരത്തെ കര്‍ഷക സമരത്തെ ഇളക്കി വിട്ടത് സമരജീവികളാണെന്ന് മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ സമരം നിര്‍ത്തി വീണ്ടും ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരണമെന്നും മിനിമം താങ്ങുവില എടുത്തുകളയില്ലെന്നും ആവര്‍ത്തിച്ച മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വ്യക്തമായ സൂചനയും നല്‍കി.

നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ക്കു രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടു.

മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers reply to Narendra Modis Andolan Jeevi Farmers Protest