| Thursday, 21st January 2021, 9:35 pm

കേന്ദ്രത്തിന്റെ ഒന്നര വർഷത്തെ ഓഫർ തള്ളി കർഷകർ ട്രാക്ടർ റാലിയുമായി മുന്നോട്ട്; പുതിയ തന്ത്രവും വിലപ്പോകാത്ത നിരാശയിൽ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഒന്നര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വാ​ഗ്ദാനവും നിരസിച്ച് കർഷകർ.

നേരത്തെ കർഷകർ ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ല എന്ന കേന്ദ്രത്തിന്റെ തീരുമാനം പരി​ഗണിക്കാമെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർ നിയമം പൂർണമായും റദ്ദാക്കുന്നതിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി. നവംബർ 26നാണ് കർഷക സമരം ആരംഭിച്ചത്. കേന്ദ്ര സർക്കാരുമായി ഇതിനോടകം കർഷകർ പത്ത് പ്രാവശ്യം ചർച്ച നടത്തിക്കഴിഞ്ഞു. കർഷക നിയമം പിൻവലിക്കില്ലെന്ന് നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുകയാണ്.

നേരത്തെ കാർഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഏകേദശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കര്‍ഷകരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസർക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന നിർദേശം രണ്ട് മാസത്തോളമായി സമരം ചെയ്യുന്ന കർഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ടായിരുന്നു.

എന്നാൽ ആ പഴുതും കർഷകർ അടച്ചതോടെ കേന്ദ്രം ഇനിയെന്ത് തീരുമാനത്തിലെത്തുമെന്നത് ഉറ്റുനോക്കുകയാണ് സമരത്തിന് നേതൃത്വം നൽകുന്നവർ.
ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം ബുധനാഴ്ച പിന്‍വലിച്ചിരുന്നു.ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Reject Government’s Proposal To Pause Farm Laws For 1.5 Years

We use cookies to give you the best possible experience. Learn more