| Monday, 4th January 2021, 6:52 pm

'നിങ്ങളുടെ ഭക്ഷണം നിങ്ങള്‍ കഴിച്ചോളു, ഞങ്ങളുടെ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ക്കറിയാം'; ഏഴാം ഘട്ട ചര്‍ച്ചയിലും കേന്ദ്രത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയിലും സര്‍ക്കാരിനോടുള്ള അതൃപ്തിയറിയിച്ച് കര്‍ഷകര്‍. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പീയുഷ് ഗോയല്‍ സോം പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് കേന്ദ്രത്തോടുള്ള വിയോജിപ്പ് കര്‍ഷകപ്രതിനിധികള്‍ പരസ്യമായി പ്രകടിപ്പിച്ചത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കായി വിളമ്പിയ ഭക്ഷണം നിരസിച്ചാണ് തങ്ങളുടെ അതൃപ്തി കര്‍ഷകര്‍ അറിയിച്ചത്. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം കഴിക്കൂ. ഞങ്ങളുടെ ഭക്ഷണം ഞങ്ങള്‍ കഴിച്ചോളാമെന്നായിരുന്നു കര്‍ഷകപ്രതിനിധികള്‍ പറഞ്ഞത്.

കര്‍ഷകര്‍ തങ്ങളുടെ ഭക്ഷണം തറയിലിരുന്നും കസേരകളിലിരുന്നും കഴിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

അതേസമയം കര്‍ഷകസമരം 40 ദിവസം പിന്നിടുമ്പോഴും കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഏഴാംഘട്ട ചര്‍ച്ചയിലും കാര്യമായ പുരോഗതിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ജനുവരി എട്ടിന് കര്‍ഷകരുമായി വീണ്ടും ഒരു ചര്‍ച്ച സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

അതേസമയം ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers Refuse Lunch With Ministers

We use cookies to give you the best possible experience. Learn more