ചണ്ഡീഗഡ്: പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭം കനപ്പിക്കാനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. ചൊവ്വാഴ്ച പഞ്ചാബിലെ 16 ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളയാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയിലെ മന്ത്രിമാരുടെ വീടുകളും വളയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാനപരമായ രീതിയിലായിരിക്കും ധര്‍ണ നടത്തുക എന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഗ്രാമങ്ങളിലെ കര്‍ഷകര്‍ ബി.ജെ.പി നേതാക്കളോട് സമാധാനപരമായും ഭരണഘടനാപരമായും ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ പറഞ്ഞത്.
ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് ധര്‍ണ നടത്തുക. തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കര്‍ഷകര്‍ പ്രക്ഷോഭം കനപ്പിക്കുന്നത്. കര്‍ഷക സമരത്തില്‍ ഇതുവരെ 20ലധികം കര്‍ഷകര്‍ കൊല്ലപ്പെട്ടതും സമരം ശക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.
പട്യാല-പ്രണീത് കൗര്‍ മോട്ടി മഹല്‍, ഫരീദ്‌കോട്ട്-ഹന്‍സ് രാജ് ഹന്‍സ്, അമൃത്സര്‍-തരണ്‍ജിത് സന്ധു, ഖാദൂര്‍ സാഹിബ് – മന്‍ജിത് സിങ് മന്ന, പത്താന്‍കോട്ട്-ദിനേശ് ബാബു, ജലന്ധര്‍-സുസില്‍ റിങ്കു, ഹോഷിയാര്‍പൂര്‍-അനിതാ സോം പ്രകാശ്, ഫിറോസ്പൂര്‍-റാണാ സോധി ഫത്തേഗര്‍ സാഹിബ്-ഗേജ റാം ബാല്‍മീകി, ആനന്ദ്പൂര്‍ സാഹിബ്-സുഭാഷ് ശര്‍മ അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെയും ക്യാബിനറ്റ് മന്ത്രി അസിം ഗോയലിന്റെയും വീടുകള്‍ വളയുമെന്നാണ് കര്‍ഷക സംഘടന അറിയിച്ചത്.
പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് നിര്‍ത്തണമെന്നും ബി.ജെ.പിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
അറസ്റ്റിലാക്കപ്പെട്ട കര്‍ഷകരെ മോചിപ്പിക്കുക എന്നതാണ് കര്‍ഷകര്‍ ധര്‍ണയില്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്ന പ്രധാന ആവശ്യം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ അതിര്‍ത്തികളില്‍ തുടരുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ രണ്ട് മുതല്‍ ദല്‍ഹി ചലോ മാര്‍ച്ച് ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുയര്‍ത്തി ഫെബ്രുവരി 13നാണ് കര്‍ഷകര്‍ പഞ്ചാബിലെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ രണ്ടാം കര്‍ഷക സമരം തുടങ്ങിയത്.
Content Highlight: Farmers ready to surround the houses of 16 BJP candidates