ന്യൂദല്‍ഹി: അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് പറഞ്ഞു. ചെങ്കോട്ടയിലേക്ക് ചിലര്‍ പോയി പതാക ഉയര്‍ത്തുമ്പോള്‍ പൊലീസ് എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
ആരോ അവിടെ പോയി ഒരു പതാക ഉയര്‍ത്തുന്നു, എന്തുകൊണ്ടാണ് വെടിവയ്പ്പ് നടത്താതിരുന്നത്? പൊലീസ് എവിടെയായിരുന്നു? അയാള്‍ എങ്ങനെ അവിടെ പോയി? പൊലീസ് അദ്ദേഹത്തെ പോകാന്‍ അനുവദിച്ച, അറസ്റ്റ് ചെയ്യുകയും ചെയ്തില്ല. ഇപ്പോള്‍ പോലും ഒന്നും ചെയ്തിട്ടില്ല. ഒരു സമൂഹത്തെയും സംഘടനയെയും മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തി ആരായിരുന്നു? ” രാകേഷ് തികേത് ദീപ് സിദ്ദുവിനെക്കുറിച്ച് പറഞ്ഞു.
അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രവും പൊലീസും ശ്രമം തുടരുകയാണ്. ഖാസിപൂരില്‍ നിന്ന് പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലംവിടാന്‍ യു.പി പൊലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെയും ഗുണ്ടാസംഘം നേതാവ് ലക്കാ സാധന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആറില്‍ സിദ്ദുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിയാക്കിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാക്ടര്‍ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തുകയായിരുന്നു. കര്‍ഷകരാണ് പതാക ഉയര്‍ത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും കേന്ദ്രവും ശ്രമം നടത്തുകയും ചെയ്തു.
ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.
പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.
റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Higjlights: Farmers Questions Central Government and Police On Republic Day Attack