ന്യൂദല്‍ഹി: ആഴ്ചകളായി തുടരുന്ന കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ നേരിടാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമരം കഴിയുന്നതും വേഗം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ തുടരുന്ന പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും കര്‍ഷക സംഘടനകളോടും സമിതി അഭ്യര്‍ത്ഥിച്ചത്.
പ്രതിഷേധം വലിയ തിരിച്ചടിയാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്നതെന്നും പ്രതിദിനം 3,000 കോടി രൂപ മുതല്‍ 3,500 കോടി വരെ നഷ്ടം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്നുണ്ടെന്നും സമിതി അറിയിച്ചു.
പ്രതിഷേധം മൂലം ഗതാഗത തടസ്സമുള്‍പ്പെടെ സംഭവിക്കുന്നുണ്ടെന്നും ഇതുവഴിയുണ്ടാകുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറമാണെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷക പ്രതിഷേധത്തിനെതിരെ ഇനിയും മുഖംതിരിച്ചാല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും സംഘടന വ്യക്തമാക്കി.
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. നിരവധി വട്ടം കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങളൊന്നും തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം കേന്ദ്രം ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും ഇവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല.
അമിത് ഷായും നരേന്ദ്ര സിംഗ് തോമറും രാജ്നാഥ് സിംഗുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്.
കര്‍ഷക സമരം 20 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയിലെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്.
പഞ്ചാബിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്.
കര്‍ഷക സമരം തടയാനുള്ള വഴികളെല്ലാം അടയുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ് ഇപ്പോള്‍. ദല്‍ഹി-ഹരിയാന അതിര്‍ത്തി പൂര്‍ണമായും അടച്ച് കര്‍ഷകരെ സമരസ്ഥലത്തേക്ക് എത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമം. നിലവില്‍പ്രതിഷേധക്കാര്‍ ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ എത്താതിരിക്കാന്‍ പൊലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് മറികടന്നാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സമരം 20 ദിവസം പിന്നിടുമ്പോഴും എത്തുന്നത്. ഇത് വലിയ ആശങ്കയാണ് ഹരിയാന പൊലീസിനിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
നിലവില്‍ ദല്‍ഹി-അമ്പാല, ദല്‍ഹി- ഹിസാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് ഗ്രാമങ്ങളിലുടെ സഞ്ചരിച്ചാണ് കര്‍ഷകര്‍ സമരം നടക്കുന്നിടത്തേക്ക് എത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Farmers’ protests resulting daily loss of Rs 3,500 cr: ASSOCHAM