| Sunday, 21st November 2021, 10:51 pm

മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം ഒന്നും അവസാനിക്കില്ല; കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം മോദി ഏറ്റെടുക്കണമെന്ന് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം ഒന്നും അവസാനിക്കില്ല; കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം മോദി ഏറ്റെടുക്കണമെന്ന് പ്രകാശ് രാജ്

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തെലങ്കാന മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ നഗരവികസന മന്ത്രി കെ.ടി. രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്. സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷക സമരത്തിനിടെ മരിച്ച 750ലേറെ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിച്ചും കെ.ടി. രാമറാവു ട്വീറ്റ് ചെയ്തിരുന്നു.

ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നുമായിരുന്നു മോദി പറഞ്ഞത്.

കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Farmers’ protests: Prakash Raj tells PM, ‘Sorry is not enough!’

Latest Stories

We use cookies to give you the best possible experience. Learn more