ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലും നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. കൂടുതല്‍ ചര്‍ച്ചകളും സംസാരവുമൊന്നും വേണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളോടുള്ള പ്രതികരണം എഴുതി നല്‍കിയാല്‍ മതിയെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം എഴുതി നല്‍കി.
വിഗ്യാന്‍ ഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്നായിരുന്നു വീണ്ടും സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ ഭേദഗതിയല്ല, നിയമം പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ കൃത്യമായ പരിഹാരവും ആത്മാര്‍ത്ഥമായ ഇടപെടലുമാണ് ആവശ്യപ്പെടുന്നതെന്നും കര്‍ഷകര്‍ അറിയിച്ചു. ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അമിത് ഷായും രാജ്‌നാഥ് സിംഗുമടക്കം നിരവധി പേരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും കര്‍ഷകരെ അനുനയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആദ്യമായി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.
അമിത് ഷാ, രാജ്‌നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെയാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. ഇന്ന് കര്‍ഷക സംഘടനകളുമായി വീണ്ടും ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു നിര്‍ണായക യോഗം.
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബദല്‍ നിര്‍ദേശങ്ങള്‍ തേടി പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.
ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.