ന്യൂദല്‍ഹി: കര്‍ഷക സമരങ്ങളുടെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് ഇതിന് പരിഹാരം കണ്ടെത്താനും കോടതി നിര്‍ദേശിച്ചു. അതേസമയം കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്റെ ഹരജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്ര ദുസ്സഹമാവുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക ഹരജിയില്‍ ചേര്‍ക്കുന്നു.
ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് ഹൃശികേശ് റോയ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
‘ഹരജിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം പരാതിക്കാരിക്ക് ചില പ്രശ്നങ്ങളുണ്ട്. പ്രശ്നത്തിന്റെ പരിഹാരം സര്‍ക്കാരുകളാണ് പരിഹരിക്കേണ്ടത്. പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു വിധത്തിലും ഗതാഗതം തടസ്സപ്പെടരുത്. ട്രാഫിക് ഒരു തരത്തിലും നിര്‍ത്തുകയോ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യരുത്,’ വിധി പ്രസ്താവത്തില്‍ പറയുന്നു.
വാദം കേള്‍ക്കവേ പ്രിസൈഡിംഗ് ജഡ്ജ് ആയ എസ്.കെ കൗള്‍, ”ഇതിന് എന്തുകൊണ്ട് ഒരു പരിഹാരം കാണാന്‍ കഴിയുന്നില്ല? കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്, പക്ഷേ ഗതാഗതം തടസ്സപ്പെടാന്‍ പാടില്ല,’ എന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ സി.എ.എ – എന്‍.ആര്‍.സി വിഷയങ്ങളും മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് നിരത്തില്‍ സമരങ്ങളിലായിരുന്നു.
2021 ജൂലൈ 19ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് കര്‍ഷകരുടെ റോഡ് ഉപരോധം എങ്ങനെ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് കോടതി ചോദിച്ചിരുന്നു. കര്‍ഷകരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
കൂടാതെ ഡിവിഷന്‍ ബെഞ്ച് അവരുടെ ഉത്തരവില്‍ ‘പൊതു തെരുവുകള്‍ തടയരുത്’ എന്നും ഇത് ആവര്‍ത്തിച്ച് ഊന്നിപ്പറയുന്നതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.