ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കം ചെയ്‌തെന്ന് എക്‌സ്. അക്കൗണ്ടുുകള്‍ മരവിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ തീരുമാനത്തോട് എക്‌സ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് ഇന്ത്യയില്‍ മാത്രം ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് തടയാം. എന്നാല്‍ തങ്ങള്‍ എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കുമെന്ന് എക്‌സ് അറിയിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട എക്‌സിലെ ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ തടവ് ശിക്ഷ ഉള്‍പ്പടെ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അക്കൗണ്ടുകൾ സ്സപെൻഡ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു റിട്ട് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഹരജി ഇപ്പോഴും തീര്‍പ്പായിട്ടില്ല. ചില തടസങ്ങള്‍ ഉള്ളത് കാരണം സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് ജനങ്ങള്‍ അറിയണമെന്നതിനാലാണ് വിവരങ്ങള്‍ പങ്കുവെക്കാൻ തീരുമാനിച്ചത്. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളെയും സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് അറിയിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സിന് പുറമേ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ് തുടങ്ങിയ ആപ്പുകള്‍ക്കും കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.
ഫെബ്രുവരി 14ന് കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകല്‍ പിന്‍വലിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ക്രമസമാധാനം നിലനിര്‍ത്താന്‍ ഫെബ്രുവരി 19 വരെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അതിന് ശേഷം പുനഃസ്ഥാപിക്കാമെന്നുമാണ് സര്‍ക്കാര്‍ കമ്പനികളെ അറിയിച്ചത്.
Contant Highlight: Farmers protest: X complies with Indian government’s order to suspend accounts