ന്യൂദല്‍ഹി: കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനംചെയ്ത പത്തുദിവസത്തെ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറികള്‍ക്ക് വിലക്കയറ്റം. കര്‍ഷകരുടെ സമരം പാല്‍, പച്ചക്കറി എന്നിവയുടെ വിതരണം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.
നൂറിലധികം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ കിസാന്‍ മഹാസംഘാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായമായ വില നിജപ്പെടുത്തുക, സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എത്രയും പെട്ടന്ന് നടപ്പില്‍വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി രാജ്യത്തെമ്പാടും കര്‍ഷകര്‍ പച്ചക്കറിവിളകള്‍ നിരത്തിലെറിഞ്ഞും പാല്‍ റോഡിലൊഴുക്കിയും പ്രതിഷേധിച്ചു.
“വലിയൊരു വിഭാഗം കര്‍ഷകര്‍ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള പച്ചക്കറി വിതരണം തടസ്സപ്പെട്ടുരിക്കുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയേയുള്ളൂ.” ആം കിസാന്‍ യൂണിയന്‍ സാരഥി കേദാര്‍ സിരോഹി പറഞ്ഞു.
ഇതേസമയം, കര്‍ഷകര്‍ സമരത്തിലൂടെ അനാവശ്യകാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. “വിളകള്‍ വില്‍ക്കാതിരുന്നാല്‍ അതിന്റെ നഷ്ടം കര്‍ഷകര്‍ക്കുതന്നെയായിരിക്കും.” ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു കര്‍ഷകര്‍ ജൂണ്‍ ഒന്നിനാണ് സമരമാരംഭിച്ചത്. മധ്യപ്രദേശിലെ മന്‍സോറിലുണ്ടായ പോലീസ് വെടിവയ്പ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പത്തുദിവസത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ബുധനാഴ്ച മന്‍സോര്‍ രക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും സംബന്ധിക്കും. അവസാനദിനമായ ജൂണ്‍ 10ന് ഭാരത് ബന്ദും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.