| Saturday, 12th December 2020, 7:29 pm

ടോള്‍ബൂത്തുകളേറ്റെടുത്ത് വാഹനങ്ങള്‍ കടത്തിവിട്ട് കര്‍ഷകര്‍; ദല്‍ഹി ലക്ഷ്യമാക്കി കൂടുതല്‍ പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയപാതകളിലെ ടോള്‍ പിരിവ് തടഞ്ഞ് കര്‍ഷകര്‍. ടോള്‍ ബൂത്തുകള്‍ ഏറ്റെടുത്ത് വാഹനങ്ങളെ കടത്തിവിട്ടാണ് കര്‍ഷകര്‍ ശനിയാഴ്ച സമരം തുടര്‍ന്നത്.

ഹരിയാനയിലെ ഝജ്ജര്‍ ടോള്‍ ബൂത്ത് പിടിച്ചെടുത്ത് കര്‍ഷകര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. അതേസമയം രാജ്യ തലസ്ഥാനത്തേക്കുള്ള കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ചാണ് കര്‍ഷക പ്രക്ഷോഭം മുന്നേറുന്നത്.


ജയ്പുര്‍-ദല്‍ഹി, ആഗ്ര-ദല്‍ഹി ദേശീയപാതകളിലൂടെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. മാസങ്ങള്‍ കഴിയാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് രാജസ്ഥാന്‍, യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

രാത്രിയോടെ കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയിലെത്തും. ഇവര്‍ കടന്നുവരുന്ന ഫരീദാബാദ്, ഗുരുഗ്രാം, ഗാസിപുര്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.

അതേസമയം സമരത്തില്‍ സാമൂഹിക വിരുദ്ധര്‍ കടന്നു കൂടിയിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറുമെന്നും മാസങ്ങളോളം ഡല്‍ഹി അതിര്‍ത്തികളില്‍ നിലയുറപ്പിക്കാന്‍ തയാറാണെന്നുമാണ് കര്‍ഷകരുടെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Protest Toll Booth AIKS

We use cookies to give you the best possible experience. Learn more