| Tuesday, 1st December 2020, 6:03 pm

ജീവിക്കാനുള്ള കര്‍ഷകരുടെ പോരാട്ടം മോദി സര്‍ക്കാരിന്റെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തുമോ?; മോദിയെ വിറപ്പിച്ച കര്‍ഷക സമരങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ദിവസങ്ങള്‍ പിന്നിടുകയാണ്. ദിവസേന പതിനായിരക്കണക്കിനാളുകളാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്ത് എത്തിച്ചേരുന്നത്.

ഇന്ത്യയുടെ ഹൃദയഭൂമിയില്‍ അലയടിക്കുന്ന ഈ കര്‍ഷക മുദ്രാവാക്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാറിന് കീഴില്‍ പോയ കാലങ്ങളില്‍ നടന്ന നിരവധി കര്‍ഷക പോരാട്ടങ്ങളെ കൂടിയാണ്.

2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചെറുതും വലുതുമായ അനേകം കര്‍ഷക പോരാട്ടങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളുടെ ഭാഗമായി നടന്ന വെടിവെപ്പില്‍ കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞു.

ലാത്തിച്ചാര്‍ജും ഗ്രനേഡും ജലപീരങ്കിയും അനേകം പേര്‍ക്ക് പരിക്കുകളേല്‍പ്പിച്ചു. കര്‍ഷകര്‍ കുഴഞ്ഞ് വീണുമരിച്ചു. എന്നിട്ടും മണ്ണില്‍ പണിയെടുക്കുന്നവരുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍ അവസാനിച്ചില്ല.

ചത്ത എലിയെ ഭക്ഷിച്ചും, കഴുത്തില്‍ തലയോട്ടിയണിഞ്ഞും, സ്വയം കുഴിച്ച ശവക്കുഴിയില്‍ ഇറങ്ങിനിന്നും, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍ നടയായി നടന്നും രാജ്യത്തെ കര്‍ഷകപ്പോരാളികള്‍ തൊടുത്തുവിട്ട സമരാഗ്‌നി ഇന്ന് എല്ലാ കര്‍ഷകസംഘടനകളും ഒന്നിച്ചുനിന്നുള്ള സംയുക്ത സമരമായി രാജ്യ തലസ്ഥാനത്തെ പ്രക്ഷുബ്ദമാക്കുകയാണ്.

കേന്ദ്ര ഭരണകൂടത്തിന്റെ വിവിധങ്ങളായ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്താരംഭിച്ച കര്‍ഷക പ്രതിഷേധങ്ങള്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ നടപ്പാക്കിയതോടുകൂടി കൂടുതല്‍ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

500 ഓളം കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാറിനെതിരെ തെരുവില്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ കര്‍ഷസമരങ്ങളെ കൂടി നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്.

തമിഴ് കര്‍ഷകരുടെ സമരം

40 ശതമാനത്തിലധികം ആളുകള്‍ കാര്‍ഷിക വൃത്തിയിലധിഷ്ടിതമായി ജീവിക്കുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ വിറപ്പിക്കുന്ന രീതിയിലായിരുന്നു സമരരംഗത്തേക്ക് വന്നത്.

ചത്ത എലികളും തലയോട്ടിയുമായി ദല്‍ഹിയിലെ ജന്ദര്‍മന്തറില്‍ നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ വരെ നേടിയിരുന്നു. 2017ല്‍ തമിഴ്‌നാട്ടിലെ 17 ലധികം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കൊടിയ വരള്‍ച്ചയെ തുടര്‍ന്നായിരുന്നു അന്ന് കര്‍ഷകര്‍ ജന്ദര്‍മന്തറിലെത്തിയത്. ഇനിയും കേന്ദ്രസര്‍ക്കാര്‍ സഹായം തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ചത്ത എലികളെ തങ്ങള്‍ക്ക് ഭക്ഷിക്കേണ്ടി വരുമെന്നാണ് അന്ന് കര്‍ഷക സമരത്തിന് നേതൃതത്തിലുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ചിരുന്നത്.

മധ്യപ്രദേശിലെ കര്‍ഷക പോരാട്ടം

കൊടിയ വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക ജീവിതം പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കര്‍ഷകര്‍ 2017 ജൂണ്‍ ഒന്നിനാണ് പ്രതിഷേധത്തിനിറങ്ങിയത്. വിളകള്‍ക്ക് അര്‍ഹമായ താങ്ങുവില ലഭിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തി. സൈന്യത്തെ ഇറക്കിയായിരുന്നു സര്‍ക്കാര്‍ സമരത്തെ നേരിട്ടത്. സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ കിസാന്‍ ലോങ് മാര്‍ച്ച്

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ചായിരുന്നു സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭം. പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്ന മാര്‍ച്ച് 2018 മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്.

നാസിക് മുതല്‍ മുംബൈ വരെ 180 കിലോമീറ്റര്‍ കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കാല്‍നടയായി നടന്നു. വരള്‍ച്ചയെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിലെ അനേകായിരം പേര്‍ കിസാന്‍ ലോങ് മാര്‍ച്ചില്‍ അണിനിരന്നത്. ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു ലോങ് മാര്‍ച്ച് നടന്നത്.

പഞ്ചാബിലും രാജസ്ഥാനിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലുമെല്ലാം ഇക്കാലയളവില്‍ ചെറുതും വലുതുമായ അനേകം കര്‍ഷക സമരങ്ങള്‍ വേറയും നടന്നു. രാജസ്ഥാനില്‍ സ്വന്തം ശരീരം കഴുത്തറ്റം മണ്ണില്‍ മൂടി കര്‍ഷകര്‍ നടത്തിയ സമരം ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്തെ സമര കാലാവസ്ഥയേക്കാള്‍ കലുഷിതമാണ് ഇന്ന് രാജ്യത്തെ കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍. രാജ്യത്തിന്റെ കാര്‍ഷിക വിപണി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത് കര്‍ഷകരെ അടിമകളാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയഭാവിയെ കൂടി നിര്‍ണയിക്കുന്ന തരത്തിലാണ്.

ഇത്തവണ ഞങ്ങളുടെ മന്‍കീ ബാത്ത് നിങ്ങള്‍ കേട്ടേ മതിയാകൂ എന്നാണ് കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ച മാത്രമേ നടക്കുകയുള്ളൂവെന്നും ഒരു വര്‍ഷം സമരം തുടരേണ്ടിവന്നാലും തങ്ങള്‍ ഈ സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അവര്‍ ഒറ്റക്കെട്ടായി പറയുന്നു.

മോദി സര്‍ക്കാരിന് മുമ്പില്ലാത്ത വിധം രാഷ്ട്രീയ പ്രതിസന്ധികള്‍ കൂടി ഈ സമരം സൃഷ്ടിക്കുന്നുണ്ട്. കാര്‍ഷിക നിയമത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ ദീര്‍ഘകാലമായി എന്‍.ഡി.എയില്‍ സഖ്യകക്ഷിയായുള്ള ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ട് പുറത്ത് പോയി.

അവരുടെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചു. ഇപ്പോഴിതാ വിവാദമായ കാര്‍ഷിക നിയമം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന് രാജസ്ഥാനിലെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബെനിവാളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ജീവിക്കാനുള്ള കര്‍ഷകരുടെ പോരാട്ടം കേന്ദ്ര സര്‍ക്കാറിന് പോറലുകള്‍ സൃഷ്ടിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers protest that shocked the Narendra Modi government

Latest Stories

We use cookies to give you the best possible experience. Learn more