| Sunday, 14th February 2021, 9:27 pm

മൃദു ഹിന്ദുത്വവും, കര്‍ഷക സമരവും; ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പുതിയ തുറുപ്പുചീട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി പ്രതാപം വീണ്ടെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്.

അതിന്റെ ആദ്യപടിയെന്നോണം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കര്‍ഷക മഹാപഞ്ചായത്ത് സന്ദര്‍ശനവും സംസ്ഥാനത്തെ ചില ആത്മീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പുതിയ വഴികളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന യോഗി സര്‍ക്കാരിനെതിരെ കര്‍ഷക സമരത്ത ആയുധമാക്കിയ കോണ്‍ഗ്രസിന്റെ ക്ഷേത്രസന്ദര്‍ശനവും ആത്മീയാചാര്യന്‍മാരുമായുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി ഒരു മൃദു ഹിന്ദുത്വ നിലപാടാണോ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതെന്ന സംശയമുണര്‍ത്തുന്നു.

യു.പിയിലെ പ്രസിദ്ധമായ ത്രിവേണി സംഗമത്തിലെ മൗനി അമാവസ്യ ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയുടെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.പിയിലെ തന്നെ മങ്കേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തിയും പ്രിയങ്ക ഈ പ്രചരണത്തിന് കൂടുതല്‍ ശക്തിപകരുകയായിരുന്നു.

കൂടാതെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയും പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അരക്കെട്ടുറപ്പിക്കാനൊരുങ്ങുന്നുവെന്നതിന്റെ സൂചന തന്നെയായിരുന്നു.

കര്‍ഷക സമരമാണ് കോണ്‍ഗ്രസിന് യു.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച മറ്റൊരായുധം. അതിന്റെ ഭാഗമായി സഹറന്‍പൂരിലെ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തും പ്രിയങ്ക രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിന്തുണ കര്‍ഷകര്‍ക്കാണെന്നറിയിച്ച പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

ഇതോടൊപ്പം തന്നെ സഹറന്‍പൂരിലെ മുസ്‌ലിം ആരാധനാലയമായ ഖാന്‍ഗാഹ് ദര്‍ഗയും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുസ്‌ലിം വോട്ടും കോണ്‍ഗ്രസിന് നിര്‍ണ്ണായകമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ ഈ മുന്നേറ്റം.

യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം നിശ്ചയിക്കുന്നത് രണ്ട് സമുദായങ്ങളില്‍ നിന്നുള്ള വോട്ടുകളാണ്. സംസ്ഥാനത്തെ മുസ്‌ലിം വോട്ടും ഹിന്ദുവിഭാഗത്തിന്റെ പിന്തുണയും കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്.

കര്‍ഷക പ്രക്ഷോഭം കാര്യമായ രീതിയില്‍ ഉപയോഗിക്കാനും ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന ബോധം യു.പിയിലെ ജനങ്ങളില്‍ സ്ഥിരപ്പെടുത്താനും സാധിച്ചാല്‍ ഒരുപക്ഷെ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Farmers’ protest, ‘soft Hindutva’ in Congress’ revival strategy in Uttar Pradesh

We use cookies to give you the best possible experience. Learn more