പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് നടത്തിയ സി.ടി സ്‌കാനില്‍ ശുഭ്കരന്റെ തലയില്‍ നിന്ന് മെറ്റല്‍ ബുള്ളറ്റ് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സമാനമായി പൊലീസ് നടപടിയില്‍ പരിക്കേറ്റ നിരവധി കര്‍ഷകരില്‍ മെറ്റല്‍ പെല്ലറ്റ്‌സ് മൂലമുണ്ടാകുന്ന മുറിവുകള്‍ കണ്ടെത്തിയിരുന്നതായി പട്യാലയിലെ ആശുപത്രി കഴിഞ്ഞാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പരാമര്‍ശിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശുഭ്കരന്റെ തലയുടെ പിന്‍വശത്ത് വെടിയേറ്റതായി കണ്ടെത്തിയെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഉണ്ടായിരുന്നില്ലെന്നും പട്യാല പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശുഭ്കരന്റെ തലയില്‍ നിന്നും കണ്ടെത്തിയ മെറ്റല്‍ പെല്ലറ്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഏത് തോക്കാണ് ഉപയോഗിച്ചതെന്ന് മനസിലാകണമെങ്കില്‍ പെല്ലറ്റുകള്‍ ബാലിസ്റ്റിക് വിദഗ്ധര്‍ക്ക് അയച്ച് പരിശോധിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ, പട്യാല രവീന്ദ്ര ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന ശുഭ്കരണിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്‌കരിച്ചു.
സംസ്‌കാരത്തിന് മുന്നോടിയായി പൊലീസുമായി ഏറ്റുമുട്ടല്‍ നടന്ന ഖനൗരിയില്‍ കര്‍ഷകര്‍ വിലാപയാത്രയും പ്രതിഷേധ സദസും നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.