ന്യൂദൽഹി: കർഷക മാർച്ച് നടക്കാനിരിക്കെ ദൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ദൽഹി പൊലീസ് ചീഫ് സഞ്ജയ് അറോറ. ഉത്തരവ് 30 ദിവസത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ദൽഹിയിലേക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമരത്തിൽ പങ്കെടുക്കുന്നവർ എത്തിച്ചേരുമെന്നും അതിനാൽ അതിക്രമ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
‘വിവിധ ആവശ്യങ്ങളിൽ സമ്മർദ്ദം ചെലുത്താൻ ദൽഹി ചലോ എന്ന പേരിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി നിരവധി കർഷക സംഘടനകൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് ഫെബ്രുവരി 13ന് മാർച്ച് നടത്തുകയാണ്. പങ്കെടുക്കുന്നവർ ഡൽഹിയിൽ വിവിധ എൻട്രി പോയിന്റുകളിൽ നിന്ന് എത്തിച്ചേരുവാനുള്ള സാധ്യതകൾ ഉണ്ട്.
സമരത്തിൽ പങ്കെടുക്കാൻ ആളുകൾ ദൽഹിയിൽ എത്തുമ്പോൾ സംഘർഷ സാധ്യതയുണ്ട്,’ ദൽഹി പൊലീസ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
ചില സാമൂഹ്യവിരുദ്ധ സംഘടനകൾ സാഹചര്യം മുതലെടുക്കുവാൻ സാധ്യതയുണ്ടെന്നും ക്രമസമാധാന പ്രശ്നമുണ്ടായേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് മുന്നറിയിപ്പുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ട്രാക്ടറുകളും ട്രോളികളും ട്രക്കുകളും ആളുകളെയും ആയുധങ്ങളെയും കൊണ്ടുവരുന്ന വാഹനങ്ങളും ദൽഹി അതിർത്തിയിൽ നിന്ന് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു.
അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതും നഗരത്തിൽ ജാഥയും റാലിയും നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
കർഷക മാർച്ചിനെ തുടർന്ന് നേരത്തെ ഹരിയാനയിൽ 144 പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ അതിർത്തികൾ മുഴുവൻ ബാരിക്കേഡുകൾ വെച്ച് അടച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ ഹരിയാനയുടെ അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിലെ ഏഴു ജില്ലകളിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ് സർവ്വീസ് നിർത്തിവെച്ചിരിക്കുന്നത്.
പ്രതിഷേധവുമായി എത്തുന്ന കർഷകർ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ അതിർത്തികൾ അടക്കുന്ന നീക്കത്തെ തുടർന്ന് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും സർക്കാരിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിക്കുകയുണ്ടായി.