| Saturday, 15th January 2022, 10:26 pm

കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ഇനിയും പാലിക്കപ്പെട്ടില്ല; ജനുവരി 31ന് പ്രതിഷേധദിനമായി ആചരിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31 ‘വിരോധ് ദിവസ്’ എന്ന പേരില്‍ പ്രതിഷേധദിനമായി ആചരിക്കാനൊരുങ്ങി ഭരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു). വാര്‍ത്താ സമ്മേളനത്തിലായിരുന്നു കര്‍ഷക നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

‘നാളിതുവരെ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കാനുള്ള സമിതി രൂപീകരിക്കുകയോ ഞങ്ങളെ ചര്‍ച്ചകള്‍ക്കായി വിളിക്കുകയോ ചെയ്തിട്ടില്ല. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയെ ഇനിയും മന്ത്രി സഭയില്‍ നിന്നും പുറത്താക്കിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ഇനിയും ഞങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ ജനുവരി 31ന് വിരോധ് ദിവസായി ആചരിക്കും,’ കര്‍ഷകനാതാവായ യുദ്ധ്‌വീര്‍ സിംഗ് പറഞ്ഞു.

ഡിസംബര്‍ 11ന് നടക്കാനിരുന്ന സമരം തങ്ങള്‍ മാറ്റിവെക്കുകയായിരുന്നുവെന്നും ഇനിയും തങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഒരുക്കമല്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രിമാരുടെ കോലം കത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 31ഓടെ സമരം അവസാനിപ്പിക്കില്ലെന്നും, ഫെബ്രുവരി ഒന്നു മുതല്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ആരംഭിക്കുമെന്നും യുദ്ധ്‌വീര്‍ സിംഗ് പറഞ്ഞു.

‘ജനുവരി 21 മുതല്‍ നാല് ദിവസത്തോളം ഞങ്ങള്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുകയും കര്‍ഷകരെ കാണുകയും ചെയ്യും. അവരോടുകൂടി ചര്‍ച്ച ചെയ്തായിരിക്കും പുതിയ സമരത്തിന്റെ തന്ത്രങ്ങളും തുടര്‍നടപടികളും സ്വീകരിക്കുന്നത്,’ കര്‍ഷക നേതാവായ രാകേഷ് ടികായത് പറഞ്ഞു.

താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിക്കും കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ മുഴുവനും പിന്‍വലിക്കും തുടങ്ങിയ ഉറപ്പിന്റെ പുറത്താണ് കഴിഞ്ഞ ഡിസംബറില്‍ കര്‍ഷകര്‍ താല്‍കാലികമായി സമരം അവസാനിപ്പിച്ചത്.

ഡിസംബര്‍ 9നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച ഒരു വര്‍ഷം നീണ്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തിയിരുന്നു. 700 ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരണപ്പെട്ടത്.

ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നും കര്‍ഷക സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Farmers’ Protest On Jan 31 Over Demands Including Support Price Guarantee

We use cookies to give you the best possible experience. Learn more