ന്യൂദല്‍ഹി: തിരക്കിട്ട് ചര്‍ച്ച നടത്തി പ്രതിഷേധം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ഷകര്‍. എല്ലാ കര്‍ഷക സംഘങ്ങളേയും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
” എല്ലാ സംഘങ്ങളേയും വിളിക്കാതെ ചര്‍ച്ചയ്ക്ക് ഞങ്ങള്‍ പോകില്ല” എന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സുഖ്‌വീന്ദര്‍ എസ് സബ്രാന്‍ പ്രതികരിച്ചത്.
നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം.
നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈയൊരു അവസ്ഥയിലാണ് എത്രയും പെട്ടെന്ന് തന്നെ കര്‍ഷകരുമായി അനുനയ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാന്‍ തീരുമാനിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷായും കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറും 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.
ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
പുതിയ നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കിയെന്നും കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടിരുന്നു.
കര്‍ഷകരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക