പൊലീസും, സൈനികരും, കോണ്‍ക്രീറ്റ് ബാരിക്കേഡുകളും; രണ്ടാംഘട്ട കര്‍ഷകസമരത്തെ അടിച്ചൊതുക്കാന്‍ കേന്ദ്രം
farmers protest
പൊലീസും, സൈനികരും, കോണ്‍ക്രീറ്റ് ബാരിക്കേഡുകളും; രണ്ടാംഘട്ട കര്‍ഷകസമരത്തെ അടിച്ചൊതുക്കാന്‍ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 2:05 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിരിക്കുകയാണ്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും തയ്യാറാക്കിയിട്ടുണ്ട്.

സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ പ്രധാനമായും പങ്കെടുക്കുന്നത്. ഇതോടുകൂടി ദല്‍ഹിയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലെയും ഗതാഗതം തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍

സമരത്തില്‍ പങ്കെടുക്കാനായി വളര്‍ത്തുമൃഗങ്ങളുമായാണ് കര്‍ഷകര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ കന്നുകാലിക്കൂട്ടങ്ങളുമായി നീങ്ങുന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡിസംബര്‍ 14 ന് നിരാഹാരമിരിക്കും. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. രാജ്യവ്യാപകമായിട്ടായിരിക്കും ഉപവാസസമരം നടക്കുക.

അതേസമയം കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നീക്കം വിലപ്പോവില്ലെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും. ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കും,’ സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പറഞ്ഞു.

അതേസമയം കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരായും കൂടിക്കാഴ്ച നടത്തി.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദല്‍ഹി അതിര്‍ത്തിയില്‍ അക്രമമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം നീട്ടുകയോ അക്രമത്തിലേക്ക് എത്തിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ചില ‘തീവ്രവാദ’ ഗ്രൂപ്പുകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ കുറഞ്ഞത് 10 ഗ്രൂപ്പുകളെങ്കിലും ഇത്തരത്തില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നും സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമാധാനപരമായി നടക്കുന്ന കാര്‍ഷിക പ്രതിഷേധം അടിച്ചമര്‍ത്താന്‍ തുടക്കംമുതല്‍ തന്നെ സര്‍ക്കാരും പൊലീസും ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാഴാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചര്‍ച്ചയ്‌ക്കെടുക്കാമെന്നാണ് തോമര്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers protest live updates; centre to suppress farmers protest’s second phase