| Friday, 4th December 2020, 6:35 pm

കര്‍ഷകസമരവും സംഘി-യുക്തി-വിപണിവാദികളും | കെ.ടി. കുഞ്ഞിക്കണ്ണന്‍

കെ.ടി. കുഞ്ഞിക്കണ്ണന്‍

കര്‍ഷക പ്രക്ഷോഭം സര്‍വ്വ സ്വതന്ത്ര വിപണി വാദികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ആഗോളമൂലധന കുത്തകള്‍ക്കെതിരെയും, കൃഷിയെ അഗ്രി ബിസിനസ്സാക്കി ഉല്പാദകരെയും ഉപഭോക്താക്കളെയും ഒരു പോലെ പിഴിഞ്ഞൂറ്റുന്ന കോര്‍പ്പറേറ്റ് രാജിനെതിരെയും വളര്‍ന്നു വരുന്ന കര്‍ഷക സമരം വര്‍ഗീയവാദികളും യുക്തിവാദികളുമായ എല്ലാ തരത്തിലും കോലത്തിലുമുള്ള നിയോലിബറല്‍ വാദികളെയും അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്.

കര്‍ഷക ദ്രോഹനിയമത്തെ സംഘികള്‍ മുതല്‍ യുക്തിവാദി രവിചന്ദ്രന്‍ വരെയുള്ള കമ്പോള ഭക്തസംഘങ്ങള്‍ ന്യായീകരിക്കുകയാണ്! വര്‍ഗീയവാദിയും അതിഭൗതികയുക്തിവാദിയും ഒരേ പ്രത്യയശാസ്ത്രയുക്തി പങ്ക് വെക്കുന്നു. അവരെല്ലാം ഒരേ പോലെ ഓപ്പണ്‍ മാര്‍ക്കറ്റ് ധര്‍മശാസ്ത്രത്തെ പിന്‍പറ്റുകയാണ്.

സി. രവിചന്ദ്രന്‍

കര്‍ഷകരുടെ ചോരയും കണ്ണീരും ചേര്‍ത്ത് ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിന്റെ പരിചാരകന്മാരും സംരക്ഷകരുമായ അധികാര വര്‍ഗ്ഗ രാഷ്ട്രീയ ശക്തികള്‍ക്കെതിരെയാണ് കര്‍ഷകജനത പൊരുതുന്നത്. സ്വന്തം മണ്ണില്‍ നിന്നും ഉല്പന്നങ്ങളില്‍ നിന്നും കര്‍ഷകനെ തുരത്തുന്ന, കോര്‍പ്പറേറ്റുകളുടെ കൂലിയടിമകളായി കര്‍ഷകരെ അധ:പതിപ്പിക്കുന്ന നിയോലിബറല്‍ നയങ്ങള്‍ക്കെതിരായാണവര്‍ പൊരുതുന്നത്.

സ്വന്തം മണ്ണും ജീവിതവും സംരക്ഷിക്കാനും നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കുമായാണവര്‍ തണുത്തു വിറക്കുന്ന ശൈത്യത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്നു വീണ്ടുകീറിയ കാലുകളുമായി ഡല്‍ഹിയിലെത്തിയത്. ജലപീരങ്കികള്‍ക്കും തോക്കിന്‍ കുഴലുകള്‍ക്കും ഗ്രനേഡുകള്‍ക്കും ലാത്തിയടികള്‍ക്കും മുമ്പില്‍ ചുരുട്ടിയ മുഷ്ടികളും ഉദ്ധതമായ ശിരസ്സുകളുമായി നിലയുറപ്പിച്ചിരിക്കുന്നത്. മോഡി അമിത് ഷാ കൗടില്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കാത്ത ആത്മബോധത്തോടെ.

കീഴടങ്ങാന്‍ വിസമ്മതിക്കുന്ന കര്‍ഷക വര്‍ഗ്ഗ ശക്തിക്ക് മുമ്പില്‍, അവരുടെ അപ്രതിരോധ്യമായ പോരാട്ടങ്ങള്‍ക്ക് മുമ്പില്‍ ഹൈന്ദവാധികാരത്തിന്റെ അഭിനവ ഛദ്രപതിമാര്‍ ഞെട്ടിവിറക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെ ദംഷ്ട്രകള്‍ നീട്ടി നടക്കുന്ന ഹിന്ദുത്വവാദികളുടെ ക്ഷാത്രവീര്യമൊക്കെ ഇന്ത്യന്‍ കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കും കൈമുഷ്ടികള്‍ക്കും മുമ്പില്‍ പതറിപ്പോകുകയാണ്.

കോര്‍പ്പറേറ്റുകള്‍ കലക്കിയൊഴുക്കി കൊടുക്കുന്ന കാടി കുടിച്ചു നടക്കുന്ന എല്ലാ സംഘികാളക്കൂറ്റന്മാരും കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് മുമ്പില്‍ വിറച്ചു നില്ക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിന്‍ഘു, ടിക്രി, നോയിഡ ദിവസം കഴിയുന്തോറും കര്‍ഷകരുടെ എണ്ണം കൂടുകയാണ്. ശത്രുരാജ്യത്തെ പട്ടാളക്കാരെയെന്ന പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭകരെ നേരിടുന്നത്.

ഡല്‍ഹി തിര്‍ത്തികളില്‍ ബങ്കറുകള്‍ കുഴിക്കുന്നു, ദേശീയപാത 44 ഇരുവശങ്ങളും അടച്ചു. സിന്‍ഘു, ലാംപുര്‍, ഔചന്ദി, സഫിയാബാദ്, പിയാവോമനിയാരി, സബോലി, അതിര്‍ത്തികള്‍ വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ ദല്‍ഹിയിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു. രാജ്യമാകെ ഐക്യദാര്‍ഢ്യ പ്രക്ഷോഭങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചകളിലൂടെ കര്‍ഷക ആവശ്യങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനും കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള അമിത് ഷായുടെ തന്ത്രങ്ങളെ സമരസംഘടനാ നേതാക്കള്‍ തുറന്നു കാട്ടുകയും പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കാര്യത്തില്‍ ഉറച്ചു നില്ക്കുകയുമാണ്.

1990കളിലാരംഭിച്ച കര്‍ഷകദ്രോഹപരമായ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രാജ്യത്ത് വളര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ സ്‌ഫോടനാത്മകമായൊരു സ്ഥിതിവിശേഷമാണ് ഇപ്പോഴത്തെ പിന്മാറാന്‍ തയ്യാറില്ലാത്ത കര്‍ഷക മുന്നേറ്റങ്ങള്‍. അപ്പോഴും ദയനീയമായി ബി.ജെ.പി വക്താക്കളും നിയോലിബറല്‍കേന്ദ്രങ്ങളും കര്‍ഷക നിയമങ്ങളെ ദയനീയമായി ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ സ്തുതിപാഠകന്മാരും സ്വതന്ത്ര വിപണിവാദത്തിന്റെ വക്താക്കളും ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് സമരമെന്നൊക്കെ ആരോപിക്കുന്നു. വൃഥാ ചര്‍വ്വിതചര്‍വ്വണം നടത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റിനെ പോലും നോക്കുകുത്തിയാക്കി കൊണ്ട് അടിച്ചേല്‍പിച്ച കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങളാണ് കര്‍ഷകരെ രണ്ടും കല്പിച്ചുള്ള ഈ സമരത്തിലേക്ക് തള്ളിവിട്ടത്. നിയോലിബറല്‍ നയങ്ങളുടെ കുത്തിയൊഴുക്കിലും ഇന്ത്യന്‍ കര്‍ഷകരെ പിടിച്ചു നില്ക്കാന്‍ സഹായിച്ചിരുന്ന എ.പി.എം.സി സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതും, മിനിമം സപ്പോര്‍ട്ട് പ്രൈസ് ഇല്ലാതാക്കുന്നതുമായ നിയമനിര്‍മ്മാണമാണ് കര്‍ഷകരെ സമരത്തിലേക്ക് എടുത്തു ചാടിച്ചത്.

പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാവാതെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തിടുക്കപ്പെട്ട് നിയമ നിര്‍മ്മാണം നടത്തിയതാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. എന്‍.ഡി.എ കക്ഷികളുടെ എതിര്‍പ്പ് പോലും മാനിക്കാതെയാണ് നിയമം വോട്ടെടുപ്പിനിടാതെ ശബ്ദവോട്ടോടെ പാസാക്കിയെടുത്തത്. പ്രതിഷേധിച്ച എം.പിമാരെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും കര്‍ഷകദ്രോഹപരവുമായ നിയമങ്ങളെയാണ് സ്വതന്ത്രവിപണിവാദികള്‍ കര്‍ഷക അനുകൂല നിയമമാണെന്നൊക്കെ ന്യായീകരിച്ച് നോക്കുന്നത്.

എന്താണ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യുസേഴ്‌സ് മാര്‍ക്കറ്റിംഗ് കമ്മിറ്റി(A.P.M.C) എന്നത്? സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന വലിയൊരു ചന്തയാണത്. മണ്ടികള്‍ എന്ന് പറയുന്ന എ.പി.എം.സി സംവിധാനം നിലനില്ക്കുന്ന ചന്തകളില്‍ മിനിമം താങ്ങുവില ഉറപ്പ് ചെയ്യുന്നുണ്ട്. അതിനെക്കാള്‍ ഉയര്‍ന്ന വിലക്കും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ ലേലം ചെയ്ത് വില്ക്കാന്‍ അവകാശവും നല്‍കുന്നു.

പുതിയ നിയമം നടപ്പാകുന്നതോടെ സംഭവിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണമുള്ള ഉല്പന്ന സംഭരണവും താങ്ങുവിലയും ഇല്ലാതാകും. അതോടെ കര്‍ഷകര്‍ അദാനിമാരുടെയും അംബാനിമാരുടെയും കൊള്ളക്ക് ഇരയാവും. ഓപ്പണ്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വില്ക്കാമല്ലോ, അതു വഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുമല്ലോയെന്നെല്ലാം ന്യായീകരണം ചമയ്ക്കുന്ന നിയോലിബറല്‍വാദികള്‍ നിയന്ത്രണങ്ങളും മിനിമം സപ്പോര്‍ട്ട് പ്രൈസും ഇല്ലാതാവുന്നതോടെ ഉല്പന്നവിപണി ഈ രംഗത്തെ കോര്‍പ്പറേറ്റുകളുടെ പിടിയിലാകുകയാണെന്ന ക്രൂര യാഥാര്‍ത്ഥ്യത്തെ പറ്റി അജ്ഞത നടിക്കുകയാണ്.

പുതിയ അവശ്യ നിയമമനുസരിച്ച് ഒട്ടുമിക്ക ഉല്പന്നങ്ങളും അവശ്യ സാധനപട്ടികക്ക് പുറത്താവുകയും എഫ്.സി.ഐ സംഭരണ രംഗത്ത് നിന്ന് പിന്മാറുകയും ചെയ്യും. ഇത് ഭക്ഷ്യ സംഭരണ രംഗത്തെ കുത്തക കമ്പനികള്‍ക്ക് തങ്ങള്‍ തീരുമാനിക്കുന്ന വിലക്ക് ഉല്പന്നങ്ങള്‍ സംഭരിക്കാന്‍ സൗകര്യമൊരുക്കും. അതാണ് ഹരിയാനയിലെയും പഞ്ചാബിലെയുമെല്ലാം കര്‍ഷകരെ പ്രക്ഷുബ്ധരാക്കിയിരിക്കുന്നത്. പഞ്ചാബിലെ അരിയുല്പാദനത്തിന്റെ 89%.വും സര്‍ക്കാരാണ് സംഭരിക്കുന്നത്.

ഹരിയാനയിലെ 85% വും സര്‍ക്കാറാണ് സംഭരണം നടത്തുന്നത്. പുതിയ നിയമമനുസരിച്ച് സംഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നോടെ എഫ്.സി.ഐ ഗോഡൗണുകള്‍ കാലിയായിത്തീരും. നരസിംഹറാവുവിന്റെ കാലത്ത് നിയോഗിച്ച ഭാനുപ്രതാപ് കമ്മിറ്റിയും പിന്നീട് ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ച ഡോ.ശാന്തകുമാര്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തത് സര്‍ക്കാര്‍ ഭക്ഷ്യസംഭരണ രംഗത്ത് നിന്നും പൊതുവിതരണ രംഗത്തു നിന്നും പിന്മാറണമെന്നാണ്. എഫ്.സി.ഐ ഗോഡൗണുകള്‍ ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്തു സ്വകാര്യവത്കരിക്കണമെന്നുമാണല്ലോ.


ശാന്തകുമാര്‍ കമ്മിറ്റി ശുപാര്‍ശകളെ കൂടി അടിസ്ഥാനമാക്കിയാണ് ഈ നിയമ നിര്‍മ്മാണങ്ങള്‍ അടിച്ചേല്പിച്ചത്. കോണ്‍ഗ്രസ് തുടങ്ങി വെച്ചതും ബി.ജെ.പി ഗതിവേഗം കൂട്ടി പൂര്‍ണ്ണമാക്കി കൊണ്ടിരിക്കുന്നതുമായ നിയോലിബറല്‍ കമ്പോളവത്കരണത്തിന്റെ ഭാഗമാണിത്. കര്‍ഷകരും നിലനില്പും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുന്ന കമ്പോള ഭീകരതയാണിത്.

പുതിയ നിയമം കരാര്‍ കൃഷിയ്ക്കും കമ്പനി കൃഷിയ്ക്കും വേഗത കൂട്ടും. കോര്‍പ്പറേറ്റുകളുടെ ഇച്ഛക്കാവശ്യമായ രീതിയില്‍ കൃഷി ചെയ്തു കൊടുക്കുന്ന കൂലിയടിമകളായി ഇന്ത്യന്‍ കര്‍ഷകര്‍ അടിച്ചമര്‍ത്തപ്പെടും. എന്തു കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം എന്നെല്ലാം കോര്‍പ്പറേറ്റുകള്‍ കല്പിക്കും. ആഗോള വിപണിക്കാവശ്യമായ ഉത്പന്നങ്ങളുടെ ഫാമുകളായി കൃഷി ഭൂമി മാറ്റപ്പെടും.

വിത്തിടുന്ന സമയത്ത് തന്നെ വില്പന കരാര്‍ ഉറപ്പിക്കപ്പെടും. വില്പന സമയത്ത് വില കൂടിയാലും കര്‍ഷകന് ഒന്നും കിട്ടില്ല. മുന്‍കൂറായി ഉറപ്പിച്ച വിലക്ക് തന്നെ കര്‍ഷകര്‍ ഉല്പന്നങ്ങള്‍ നല്‍കണം. സ്വതന്ത്ര വിപണി വാദികള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതായി നടിക്കുന്നില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള തടസ്സങ്ങള്‍ നീക്കുന്നതാണ് പുതിയ നിയമമെന്നൊക്കെ തട്ടി വിടുന്നവര്‍ ഉല്പന്ന വിപണിക്കു മേല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പിടിമുറുക്കാനവസരമൊരുക്കുകയാണ് പുതിയ നിയമമെന്ന കാര്യത്തെക്കുറിച്ചു മിണ്ടുന്നില്ല. കോര്‍പ്പറേറ്റുകളുടെ മോഹങ്ങള്‍ക്ക് കര്‍ഷകരെ എറിഞ്ഞു കൊടുക്കുകയാണ് മോഡി സര്‍ക്കാര്‍.

പരിമിതമായ പരിരക്ഷാ സംവിധാനങ്ങളെ പോലും, 1960 മുതല്‍ നിലനില്ക്കുന്ന എം.എസ്.പിയെ വരെ ഇല്ലാതാക്കി കര്‍ഷകരെ വന്‍കിട കുത്തക മൂലധനശക്തികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന നിര്‍ദ്ദയനീതിയെയാണ് സ്വതന്ത്ര വിപണി വാദികള്‍ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Protest – K.T Kunhikkannan Writes

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more